30.33 ലക്ഷം വോട്ടര്‍മാര്‍ ബൂത്തിലേക്ക്

മലപ്പുറം: അടുത്ത അഞ്ച് വര്‍ഷം മണ്ഡലം ഭരിക്കാന്‍ ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ ജില്ലയിലെ 30,33,864 വോട്ടര്‍മാര്‍ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്. 16 നിയോജക മണ്ഡലങ്ങളിലെ 15,43,041 സ്ത്രീകളും 14,90,823 പുരുഷന്മാരുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. 2,340 സര്‍വിസ് വോട്ടര്‍മാരും 3,933 പ്രവാസി വോട്ടര്‍മാര്‍മാരുണ്ട്. മൊത്തം 145 സ്ഥാനാര്‍ഥികളാണ് 16 മണ്ഡലങ്ങളില്‍ മത്സര രംഗത്തുള്ളത്. ഇവരില്‍ 11 പേര്‍ വനിതകളാണ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും സമയം എത്ര വൈകിയാലും വോട്ട് ചെയ്യാം. വോട്ടെടുപ്പിനായി 2361 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചത്. ശാന്തമായ തെരഞ്ഞെടുപ്പിന് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഒമ്പത് കമ്പനി കേന്ദ്ര സേന ഉള്‍പ്പെടെ 5000ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ ആറ് പൊതു നിരീക്ഷകരും ഒരു ക്രമസമാധാന നിരീക്ഷകനും ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. 20 ഡിവൈ.എസ്.പിമാരും 30 സി.ഐമാരും 350 എസ്.ഐമാരും 3000 പൊലീസ് ഓഫിസര്‍മാരും 1000 സ്പെഷല്‍ പൊലീസും ഒമ്പത് കമ്പനി കേന്ദ്ര സേനയുമാണ് ക്രമസമാധാനപാലനത്തിന് ജില്ലയില്‍ നിലയുറപ്പിക്കുക. ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതിയുടെ നേതൃത്വത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും താലൂക്ക് തലങ്ങളില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് ഇലക്ഷന്‍ വിഭാഗവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. കൊണ്ടോട്ടിയില്‍ 10, ഏറനാട് 10, നിലമ്പൂര്‍ നാല്, വണ്ടൂര്‍ ആറ്, മഞ്ചേരി ഏഴ്, പെരിന്തല്‍മണ്ണ എട്ട്, മങ്കട ഒമ്പത്, മലപ്പുറം ആറ്, വേങ്ങര ആറ്, വള്ളിക്കുന്ന് 11, തിരൂരങ്ങാടി 10, താനൂര്‍ 13, തിരൂര്‍ 12, കോട്ടക്കല്‍ 10, തവനൂര്‍ 12, പൊന്നാനി 11 എന്നിങ്ങനെയാണ് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം. ജില്ലയില്‍ മൊത്തം 2361 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികള്‍ ബൂത്തിന് പുറത്തും കലക്ടറേറ്റില്‍ സ്ഥാപിച്ച കണ്‍ട്രോള്‍ റൂമിലും തല്‍സമയം കാണുന്നതിന് 121 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.