പ്രശ്നബാധിത ബൂത്തുകളില്‍ സുരക്ഷ ഉറപ്പുവരുത്തി സി.ആര്‍.പി.എഫ്

പൂക്കോട്ടുംപാടം: പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ഞായറാഴ്ച രാവിലെ മുതല്‍ സി.ആര്‍.പി.എഫ് അര്‍ധ സൈനിക സേനയെ വിന്യസിപ്പിക്കും. അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ്, പുഞ്ച, തേള്‍പാറ, കവളമുക്കട്ട, ടി.കെ കോളനി ബൂത്തുകളിലും കരുളായി പഞ്ചായത്തിലെ നെടുങ്കയം ബൂത്തിലുമാണ് സേനയെ വിന്യസിക്കുക. മാവോവാദി ഭീഷണിയുള്ള ബൂത്തുകളായതിനാല്‍ വോട്ടര്‍മാര്‍ക്ക് ഭയം കൂടാതെ വോട്ടവകാശം വിനിയോഗിക്കുന്നതിനായാണ് സുരക്ഷ കര്‍ശനമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ വാഹന പരിശോധനയും അസമയങ്ങളിലെ സംഘം ചേരലിനെതിരെയുള്ള നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച നാല് മണിയോടെ കൊട്ടിക്കലാശം ഒഴിവാക്കിയ ഈ പഞ്ചായത്തുകളിലെ അങ്ങാടികള്‍ സി.ആര്‍.പി.എഫിന്‍െറ നിയന്ത്രണത്തിലാണ്. പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന്‍െറ നേതൃത്വത്തില്‍ പൊലീസും രംഗത്തുണ്ട്. സൈന്യവും പൊലീസും നിലയുറപ്പിച്ചതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യ പ്രചാരണങ്ങള്‍ കോലാഹലങ്ങളില്ലാതെ സമാപിച്ചു. കൊട്ടിക്കലാശം ഒഴിവാക്കിയതിനാല്‍ ശനിയാഴ്ച നാലുമണിയോടെ തന്നെ പ്രചാരണ വാഹനങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് നീങ്ങിയിരുന്നു. രാത്രികാല പരിശോധനയും കര്‍ശനമാണ്. കര്‍ശന സുരക്ഷക്കായി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സി.ആര്‍.പി.എഫ് സേന പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ക്യാമ്പ് ചെയ്തു വരികയാണ്. മലയോര മേഖലയില്‍ സി.ആര്‍.പി.എഫിന്‍െറ സാന്നിധ്യമറിയിച്ച് വിവിധയിടങ്ങളില്‍ റൂട്ട് മാര്‍ച്ചും നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.