മഞ്ചേരി: മെഡിക്കല്‍ കോളജില്‍ വിവിധ സൗജന്യ ചികിത്സാ പദ്ധതികള്‍ക്ക് മരുന്ന് വിതരണത്തിനുള്ള അവകാശം മാര്‍ച്ച് 31ന് അവസാനിക്കും. പുതിയ സാമ്പത്തികവര്‍ഷത്തേക്ക് മരുന്നു വിതരണത്തിനും ലബോറട്ടറി പരിശോധനക്കും സ്കാനിങ് സൗകര്യങ്ങള്‍ക്കും ക്വട്ടേഷന്‍ ക്ഷണിച്ചു. മുന്‍വര്‍ഷം മരുന്നുവിലയുടെ 16.5 ശതമാനം ഇളവില്‍ നല്‍കിയ ക്വട്ടേഷനാണ് തെരഞ്ഞെടുത്തത്. കൂടിയ ഇളവ് മരുന്നുകളുടെ ഗുണനിലവാരത്തെ വലിയതോതില്‍ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ഇളവിനേക്കാള്‍ ഗുണനിലവാരം ഉറപ്പാക്കണമെന്നിരിക്കെ അതിന് നിയോഗിക്കപ്പെട്ടവര്‍ യോഗം ചേരുകയോ വിതരണം ചെയ്യുന്ന മരുന്നുകള്‍ പരിശോധിക്കുകയോ ചെയ്യുന്നില്ളെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. മെഡിക്കല്‍ കോളജില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, മാതൃ-ശിശു ആരോഗ്യ സംരക്ഷണ പദ്ധതി, കൗമാരക്കാര്‍ക്കുള്ള ആരോഗ്യപദ്ധതി തുടങ്ങിയവക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നും പരിശോധനകളുമാണ് സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ വാങ്ങി നല്‍കുക. ഉയര്‍ന്ന ഇളവ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കാണ് കരാര്‍ നല്‍കുക. എന്നാല്‍, മരുന്നുകളുടെ കാര്യത്തില്‍ ഈ മാനദണ്ഡം ഗുണനിലവാരത്തെയും വിശ്വാസ്യതയെയും ബാധിക്കുമെന്നാണ് പരാതി. വര്‍ഷത്തില്‍ 50 ലക്ഷം രൂപയുടെ മരുന്നാണ് സൗജന്യ ചികിത്സാ പദ്ധതിയില്‍ മുന്‍വര്‍ഷം പുറത്തുനിന്ന് രോഗികള്‍ വാങ്ങേണ്ടിവന്നത്. 2015 മേയ് 31 വരെ 12 ശതമാനം ഇളവോടെയാണ് മരുന്ന് നല്‍കിയത്. ജൂണ്‍ മുതലുള്ള വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ 14.5 ശതമാനം വരെ സ്ഥാപനം ഇളവ് നല്‍കാമെന്ന് കാണിച്ചിരുന്നെങ്കിലും 16.5 ശതമാനം കാണിച്ച സ്വകാര്യ സ്ഥാപനത്തിന് നല്‍കി. മൂന്ന് സ്ഥാപനങ്ങളാണ് മരുന്നു വിതരണത്തിന് മുന്‍വര്‍ഷം ക്വട്ടേഷന്‍ നല്‍കിയത്. മെഡിക്കല്‍ കോളജിനടുത്ത്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രഗ് ലൈസന്‍സുള്ള സ്ഥാപനമാവണം ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ലാത്ത മരുന്നുകള്‍ ആശുപത്രി വികസന സമിതിയുടെ ജനതാ ഫാര്‍മസിയില്‍ നിന്നാണ് വാങ്ങേണ്ടത്. അവിടെയും ഇല്ളെങ്കിലാണ് സ്വകാര്യ വിതരണക്കാരെ ആശ്രയിക്കേണ്ടത്. എന്നാല്‍, ജനതാ ഫാര്‍മസിയില്‍ മരുന്ന് വാങ്ങിവെക്കാതെ സ്വകാര്യ വിതരണക്കാര്‍ക്ക് അവസരമുണ്ടാക്കുന്നതായി നേരത്തേ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.