മഞ്ചേരി: ഓട്ടോറിക്ഷകളില്‍ ഷീ ഓട്ടോ എന്ന സ്റ്റിക്കര്‍ കണ്ടാല്‍ ഓര്‍ത്തുവെക്കുക. സ്ത്രീ സുരക്ഷയുടെ കാവലാളാവാന്‍ തെരഞ്ഞെടുക്കപ്പെട്ട ഓട്ടോ ജീവനക്കാരനാണതെന്ന്. സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കി മഞ്ചേരിയിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഓട്ടോറിക്ഷകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിച്ച് തിങ്കളാഴ്ച മുതല്‍ സര്‍വിസ് തുടങ്ങി. സ്ത്രീകള്‍ക്ക് ഏത് സമയത്തും എവിടെയും പോവാനുള്ള ആത്മധൈര്യവും വിശ്വാസവും പകരലാണ് പദ്ധതിയുടെ ലക്ഷ്യം. ഓട്ടോറിക്ഷകളുടെ നഗരപ്രദക്ഷിണവും തിങ്കളാഴ്ച നടത്തി. ജില്ലാ സെഷന്‍സ് ജഡ്ജി സുഭദ്രാമ്മ ഫ്ളാഗ് ഓഫ് ചെയ്തു. പരാതികള്‍ക്കിട നല്‍കാതെ സര്‍വിസ് നടത്തിവന്ന 40ഓളം മുതിര്‍ന്ന ഓട്ടോ ഡ്രൈവര്‍മാരെയാണ് ഷീ ഓട്ടോ പദ്ധതിക്ക് തെരഞ്ഞെടുത്തത്. ഷീ ഓട്ടോ സ്റ്റിക്കര്‍ പതിച്ച ഓട്ടോറിക്ഷകളില്‍ ഡ്രൈവറെ മാറ്റരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ പരാതിക്കിടവരുത്തിയാല്‍ സ്റ്റിക്കര്‍ പിന്‍വലിക്കുമെന്നും മുന്നറിയിപ്പുണ്ട്. തെരഞ്ഞെടുത്ത ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരത്തെ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മഞ്ചേരി ട്രാഫിക് എസ്.ഐ അലവിക്കുട്ടി അറിയിച്ചു. രണ്ടാംഘട്ട പരിശീലനം ഉടന്‍ നല്‍കും. മഞ്ചേരിയിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും ട്രോമാകെയര്‍ വളന്‍റിയര്‍മാരുടെയും നേതൃത്വത്തിലായിരുന്നു ഷീ ഓട്ടോ സ്റ്റിക്കര്‍ പതിച്ച ഓട്ടോറിക്ഷകളുടെ നഗരപ്രദക്ഷിണം. മഞ്ചേരി സി.ഐ സണ്ണിചാക്കോയും മഞ്ചേരി സ്റ്റേഷനിലെയും ട്രാഫിക് യൂനിറ്റിലെയും പൊലീസ് ജീവനക്കാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.