കോട്ടപ്പുഴയില്‍ നീരൊഴുക്ക് നിലച്ചു; ടി.കെ കോളനി കുടിവെള്ള ക്ഷാമത്തിലേക്ക്

പൂക്കോട്ടുംപാടം: വേനല്‍ കടുത്തതോടെ അമരമ്പലം പഞ്ചായത്തിലെ പലയിടങ്ങളും രൂക്ഷമായ ജലക്ഷാമത്തിലേക്ക്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കോട്ടപ്പുഴയിലെ നീരുറവകള്‍ വറ്റാന്‍ തുടങ്ങി. ഇതോടെ സമീപപ്രദേശങ്ങളായ ടി.കെ കോളനി, പൊട്ടിക്കല്ല്, പരിയങ്ങാട് എന്നിവിടങ്ങളിലെ കിണറുകളിലും ജലാശയങ്ങളിലും വെള്ളം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ഇത് പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. കോട്ടപ്പുഴയില്‍ ജലസംരക്ഷണത്തിന് വേണ്ടി പലയിടങ്ങിലും തടയണ കെട്ടിയിട്ടുണ്ടെങ്കിലും ടി.കെ കോളനിയിലും പൊട്ടിക്കല്ലിലും ഇത് ശാശ്വതമല്ല. വേനല്‍ക്കാലമായതോടെ വിനോദത്തിനത്തെുന്നവരും പുഴയില്‍ കുളിക്കാനത്തെുന്നവരും കോട്ടപ്പുഴയിലെ അവശേഷിച്ച വെള്ളംകൂടി മലിനപ്പെടുത്തുന്നതിനാല്‍ നാട്ടുകാരുടെ കുടിവെള്ളമാണ് മുട്ടുന്നത്. ടി.കെ കോളനിയിലും പൊട്ടിക്കല്ലിലുമായി 500ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്നത് കോട്ടപ്പുഴയെയാണ്. ഈ പ്രദേശങ്ങളില്‍ ഉരുളന്‍ പാറകളായതിനാല്‍ കിണറുകള്‍ കുഴിക്കുന്നത് അപ്രാപ്യമാണ്. എന്നാല്‍, അധികൃതരുടെ ഒരു കുടിവെള്ള പദ്ധതികളും ഇവിടെയില്ല. വേനലത്തെും മുമ്പേ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതരും നാട്ടുകാരും യോഗം ചേര്‍ന്ന് നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍, തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പായില്ല എന്ന പരാതിയാണ് നാട്ടുകാര്‍ക്ക്. പൂത്തോട്ടം കടവിലേക്ക് വിനോദ സഞ്ചാരികളെ നിയന്ത്രിക്കാനും പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും ഹോം ഗാര്‍ഡുകളെ നിയമിക്കാനും തീരുമാനിച്ചിരുന്നെങ്കിലും ഇതൊന്നും ഇപ്പോഴും നിലവില്‍ വന്നിട്ടില്ല. തൊട്ടടുത്ത വനമേഖലയായ നെടുങ്കയത്തും മറ്റും ഫെബ്രുവരി ആദ്യവാരംതന്നെ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ഒരു നിയന്ത്രണവും കോളനിയിലില്ല. സംഘങ്ങളായി എത്തുന്ന വിനോദ സഞ്ചാരികള്‍ പുഴയില്‍ മദ്യക്കുപ്പികള്‍ എറിയുന്നതും ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നതും നാട്ടുകാര്‍ക്ക് വിനയാവുകയാണ്. മാത്രമല്ല ഇത്തരത്തിലുള്ള മലിനജലം ഉപയോഗിക്കേണ്ടി വന്നാല്‍ പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടാവുന്ന രോഗങ്ങളെക്കുറിച്ചുള്ള ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.