അവഗണനയുടെ തുരുത്തില്‍ നാല്‍പ്പതാണ്ടിലേറെ ഏഴോളം കുടുംബങ്ങള്‍

കരുവാരകുണ്ട്: നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തില്‍ നാല്‍പ്പതാണ്ടിലേറെയായി ദുരിതംപേറി ഒരു കൂട്ടം മനുഷ്യജന്മങ്ങള്‍. കുണ്ടോടയിലെ തോട്ടുംകുഴി പ്രദേശത്തെ തുരുത്തിലാണ് ഏഴു കുടുംബങ്ങളിലായി നാല്‍പ്പതോളം ആളുകള്‍ അധികാരികളുടെ അവഗണനയില്‍ കഴിയുന്നത്. 30 വര്‍ഷത്തോളമായി സര്‍ക്കാര്‍ ഇവരില്‍നിന്ന് നികുതിയെടുക്കുകയോ അര്‍ഹതപ്പെട്ട സഹായം നല്‍കുകയോ ചെയ്യുന്നില്ല. കനത്ത മഴയില്‍ വെള്ളംകയറി നിലംപൊത്താറായ കുടിലുകളില്‍ കഴിയുന്ന നിത്യരോഗികളുടെയും വൃദ്ധരുടെയും സ്കൂള്‍ വിദ്യാര്‍ഥികളുടെയും കാര്യമോര്‍ക്കാന്‍ ഇനിയും അധികാരികള്‍ക്ക് സമയമായിട്ടില്ല. സ്കൂളില്‍ പോകുന്ന പതിനാറോളം പിഞ്ചോമനകള്‍ തിരിച്ചുവരും വരെ ഭീതിയോടെയും നെഞ്ചിടിപ്പോടെയുമാണ് ഇവിടെയുള്ളവര്‍ കഴിയുന്നത്. ഇടിഞ്ഞു പൊളിഞ്ഞുവീഴാറായ വീട്ടില്‍ ഭീതിയോടെ താമസിക്കുന്ന 70 വയസ്സുള്ള രോഗബാധിതയായ കുറുവത്ത് സൈനയുടെ അവസ്ഥ ദയനീയമാണ്. മുട്ടൊപ്പം ജലത്തിലൂടെ വേച്ചുവേച്ച് നടന്ന് റോഡിലത്തെി സാധന സാമഗ്രികള്‍ വാങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന ഈ വയോധിക നാട്ടുകാര്‍ നല്‍കുന്ന സഹായം കൊണ്ടാണ് മരുന്നുവാങ്ങുന്നതും വീട്ടാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതും. ഇവരുടെ ദുരിതകഥ അറിഞ്ഞ് മുള്ളറ ഫേസ്ബുക് കൂട്ടായ്മ ആശ്വാസവുമായി അരികിലത്തെി. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ഉറങ്ങാതെ കാത്തിരിക്കുന്ന ഈ ഉമ്മയും മറ്റു കുടുംബങ്ങളും മരിക്കുന്നതിന് മുമ്പ് സ്വസ്ഥമായി അന്തിയുറങ്ങാന്‍ അവസരമുണ്ടാകുമോയെന്ന് ചോദിക്കുന്നു. വോട്ടര്‍ പട്ടികയില്‍ പേരുള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ഇവരുടെയെല്ലാം സമ്മതിദാനം ആവശ്യമാണ്. എന്നാല്‍, ഒരു നേരത്തേ ആഹാരത്തിനുപോലും വകയില്ലാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെയുള്ള ഇവരുടെ ദുരിതജീവിതം പിന്നീട് രാഷ്ട്രീയക്കാര്‍ ഓര്‍ക്കുന്നില്ല. തടസ്സമായി പറയുന്ന നൂലാമാലകളുടെ ഭാരങ്ങള്‍ മാറ്റിവെച്ച് ഈ കുടുംബങ്ങളെ സഹായിക്കാന്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുക്കണമെന്നും ഇവരുടെ ദുരിതജീവിതം മനുഷ്യാവകാശ കമീഷന്‍െറയും ഹൈകോടതിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും സമഗ്ര സാംസ്കാരിക വേദി അംഗങ്ങളായ ഒ.പി. ഇസ്മായില്‍, കെ. അനില്‍കുമാര്‍, എം.എം. മോനായി, കെ.പി. വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.