തിരൂര്‍ ടൗണ്‍ഹാളിന്‍െറ വാടക കുറക്കല്‍: വരുമാന നഷ്ടം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ ഉടക്ക്

തിരൂര്‍: വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാളിന്‍െറ വാടക കുറക്കാനുള്ള തിരൂര്‍ നഗരസഭാ ഭരണസമിതിയുടെ ശ്രമത്തിന് ഉടക്കുമായി ഉദ്യോഗസ്ഥര്‍. വരുമാന നഷ്ടമാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. വാടക കുറക്കുന്നത് ഓഡിറ്റ് വിഭാഗത്തിന്‍െറ തടസ്സവാദത്തിന് കാരണമാകുമെന്നാണ് അധികൃതരുടെ നിലപാട്. ടൗണ്‍ഹാള്‍, കോരങ്ങത്ത് സാംസ്കാരിക സമുച്ചയം എന്നിവയുടെ 25 ശതമാനം വാടക കുറക്കാനുള്ള നടപടികളുമായി ഭരണസമിതി മുന്നോട്ടുപോകുന്നതിനിടയിലാണ് ഉദ്യോഗസ്ഥര്‍ തടസ്സം ഉന്നയിക്കുന്നത്. ഇത് ചൊവ്വാഴ്ച നടക്കുന്ന നഗരസഭാ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. വാടക അധികമായതിനാല്‍ ടൗണ്‍ഹാളിനും സാംസ്കാരിക സമുച്ചയത്തിനും ആവശ്യക്കാര്‍ കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വാടക കുറക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. ഇതുമൂലമുള്ള വരുമാന നഷ്ടം കൂടുതല്‍ ആവശ്യക്കാരെ ലഭിക്കുന്നതിലൂടെ പരിഹരിക്കാമെന്നാണ് ഭരണസമിതിയുടെ നിലപാട്. ഫെബ്രുവരി 29ന് നടന്ന കൗണ്‍സില്‍ യോഗത്തിലും ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടായെങ്കിലും ശക്തമായ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. വിഷയം ധനകാര്യ സ്ഥിരംസമിതി വീണ്ടും ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍െറ ആവശ്യം. അതനുസരിച്ച് ധനകാര്യ സ്ഥിരംസമിതി മേയ് 24ന് പ്രശ്നം പരിഗണിക്കുകയും വാടക കുറക്കുന്നതാണ് ഉചിതമെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ധനകാര്യ സ്ഥിരംസമിതിയിലും പ്രതിപക്ഷം വാടക വര്‍ധനവിനെ എതിര്‍ത്തിട്ടുണ്ട്. മുസ്ലിം ലീഗ് അംഗം പി. കോയ ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വാടക കുറക്കുന്നത് വരുമാന നഷ്ടത്തിനോ വര്‍ധനവിനോ കാരണമാകുക എന്നത് ഒരുവര്‍ഷത്തിന് ശേഷം വിലയിരുത്താമെന്നായിരുന്നു സ്ഥിരംസമിതിയില്‍ ബി.ജെ.പി അംഗം നിര്‍മല കുട്ടികൃഷ്ണന്‍െറ നിലപാട്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയായിരുന്നു ടൗണ്‍ഹാളിന്‍െറയും സമുച്ചയത്തിന്‍െറയും വാടക കുത്തനെ വര്‍ധിപ്പിച്ചത്. ടൗണ്‍ഹാളിന് പതിനായിരമുണ്ടായിരുന്ന വാടക 26000 ആയും സമുച്ചയം വാടക 1500ല്‍നിന്ന് 3000 ആക്കിയുമാണ് വര്‍ധിപ്പിച്ചത്. സ്വകാര്യ ഹാളുകളുടെ വാടകയുമായി താരതമ്യം ചെയ്തായിരുന്നു വാടക വര്‍ധിപ്പിച്ചത്. നഗരസഭക്ക് കൂടുതല്‍ വരുമാനം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നഗരസഭാ തീരുമാനം കടുത്ത പ്രതിഷേധത്തിനിടയാക്കി. ടൗണ്‍ഹാള്‍ ബുക്കിങ്ങില്‍ വന്‍ കുറവുണ്ടായതോടെ നോക്കുകുത്തിയായി മാറുന്ന അവസ്ഥയാണ്. വാടക കുറക്കരുതെന്ന മുന്‍ നിലപാടിലാണ് പ്രതിപക്ഷം ഇപ്പോഴുമുള്ളത്. ഒപ്പം ഉദ്യോഗസ്ഥരുടെ തടസ്സവാദം കൂടിയുള്ളതിനാല്‍ വാടക കുറക്കല്‍ എളുപ്പമാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.