മങ്കടയില്‍ ലഹരി വില്‍പന വര്‍ധിക്കുന്നു

മങ്കട: തുടര്‍ച്ചയായി ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക. അടുത്തിടെ മൂന്ന് കേസുകളാണ് പൊലീസ് പിടിച്ചത്. ഇത് പ്രദേശത്ത് ലഹരിയുടെ വിപണനം വര്‍ധിച്ചുവരുന്നതിന് ഉദാഹരണമാണെന്നാണ് രക്ഷിതാക്കളുടെ പരാതി. കഴിഞ്ഞ മാസം മങ്കട മേലെ അങ്ങാടിയില്‍നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായതും കഴിഞ്ഞ ബുധനാഴ്ച മങ്കട ഗവ. സ്കൂള്‍ പരിസരത്ത് കഞ്ചാവ് പൊതികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായതും ശനിയാഴ്ച മങ്കട താഴെ അങ്ങാടിയില്‍നിന്ന് വിദേശ മദ്യവില്‍പനക്കിടെ രണ്ടുപേര്‍ പിടിയിലായതും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍ക്കുന്ന സംഘം മുന്‍ വര്‍ഷങ്ങളിലും പൊലീസ് പിടിയിലായിരുന്നെങ്കിലും ഇത്തരക്കാര്‍ ഇപ്പോഴും രംഗത്തുണ്ടെന്നാണ് സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സ്കൂള്‍ കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി നാട്ടുകാരുടെ നിരീക്ഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍നിന്ന് അരക്കിലോ കഞ്ചാവും പനങ്ങാങ്ങര മണ്ണാറമ്പില്‍ ഗോഡൗണില്‍നിന്ന് 20 ലക്ഷം രൂപയുടെ ഹാന്‍സ് അടക്കമുള്ള ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. കോളജ് വിദ്യാര്‍ഥികളെയും അവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത ആളെയും കഴിഞ്ഞ വര്‍ഷം പാലക്കത്തടത്തുവെച്ച് പൊലീസ് പിടികൂടി. മാത്രമല്ല പെരിന്തല്‍മണ്ണക്കും മങ്കടക്കും ഇടയിലായി ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ പൊലീസ് പിടികൂടിയിരന്നു. ഇത്തവണ സ്കൂള്‍ തുറന്നതോടെ ലഹരി വസ്തുക്കളുടെ വിതരണം സജീവമായതായാണ് സൂചന. സ്കൂള്‍ പരിസരങ്ങളിലെ പെട്ടിക്കടകളിലും മറ്റും ലഹരി വസ്തുക്കളുടെ വില്‍പന നിരോധിച്ചിട്ടുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലാത്തതിനാല്‍ വില്‍പന നടക്കുന്നുണ്ടെന്നാണ് വിവരം. ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ നാട്ടില്‍നിന്ന് കഞ്ചാവ് അടക്കമുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നുണ്ട്. കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍ പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന തൊഴിലാളികള്‍ നാട്ടുകാര്‍ക്കും ഭീഷണിയാകുന്നതായി പരാതിയുണ്ട്. ഇവരുടെ താമസസ്ഥലങ്ങള്‍ക്കും മറ്റും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും കര്‍ശനമായ പരിശോധനകള്‍ നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.