എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം: കുടിവെള്ളപ്പാച്ചിലിന് അറുതിവേണം

വള്ളിക്കുന്ന്: വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള പദ്ധതികള്‍ ആലോചിക്കാന്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ബൃഹദ് പദ്ധതി ആരംഭിക്കാന്‍ ധാരണയായി. കുടിവെള്ള ക്ഷാമം നേരിടുന്ന വള്ളിക്കുന്നിലെ അഞ്ച് വാര്‍ഡുകളിലേക്ക് ഈ പദ്ധതിയില്‍നിന്ന് വെള്ളമത്തെിക്കും. മൂന്നിയൂരില്‍ ജലനിധി പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ടാങ്ക് നിര്‍മിക്കാന്‍ സ്ഥലമുടമ വിസമ്മതിച്ചതിനാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ചേളാരി പോളിടെക്നിക്കിന്‍െറ സ്ഥലം ലഭ്യമാവുന്നതിന് അധികൃതരെ സമീപിക്കും. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ചീക്കോട് കുടിവെള്ള പദ്ധതിയില്‍നിന്ന് വെള്ളം നല്‍കും. ഇത് ജനങ്ങളിലത്തെിക്കാന്‍ ജലനിധി പ്രോജക്ട് തയാറാക്കും. മൂന്നിയൂര്‍, തേഞ്ഞിപ്പലം, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍നിന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ചേലേമ്പ്രയിലേക്ക് വെള്ളം നല്‍കും. പരപ്പനങ്ങാടിയില്‍നിന്ന് ഏഴര കിലോമീറ്റര്‍ പൈപ്പ്ലൈനിലൂടയാണ് വെള്ളം വള്ളിക്കുന്ന് കൊടക്കാട് പ്രദേശത്ത് എത്തുന്നത്. പുതിയ പദ്ധതിയില്‍നിന്ന് വെള്ളം എത്തിക്കുകയാണെങ്കില്‍ നാലര കിലോമീറ്റര്‍ പൈപ്പ്ലൈന്‍ മതി. ഉപഭോക്താക്കളില്‍നിന്ന് പണം സ്വരൂപിച്ച് വാട്ടര്‍ അതോറിറ്റിക്ക് നല്‍കേണ്ട ബാധ്യത ഓരോ ഗ്രാമപഞ്ചായത്തിനുമാവും. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉടന്‍തന്നെ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എം.എല്‍.എക്ക് പുറമെ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബക്കര്‍ ചെര്‍ണൂര്‍, എ.കെ. അബ്ദുറഹ്മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. ശരീഫ, പി.കെ. റംല, സഫിയ റസാഖ്, വി.എന്‍. ശോഭന, പി. മിഥുന തുടങ്ങിയവരും വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി. മാധവന്‍, ജലനിധി ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ്, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എ. മുഹമ്മദ് റാഫി, അസി. എക്സി. എന്‍ജിനീയര്‍ മുഹമ്മദ് സാദിഖ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.