സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകുന്നു

മലപ്പുറം: അധ്യാപക ക്ഷാമം കാരണം പ്രതിസന്ധിയിലായ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി മറ്റു വിദ്യാലയങ്ങളെ ശരണം പ്രാപിക്കുന്നു. ആര്‍.എം.എസ്.എ ഏറ്റെടുക്കാന്‍ പദ്ധതി സമര്‍പ്പിച്ച വിദ്യാലയങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. പദ്ധതി സമര്‍പ്പിച്ചെങ്കിലും രണ്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ മറ്റ് ഹൈസ്കൂളുകള്‍ ഉള്ളതിനാല്‍ ആര്‍.എം.എസ്.എ ഏറ്റെടുക്കാതെ പോവുകയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൊണ്ടുവരികയും ചെയ്ത വിദ്യാലയങ്ങളിലാണ് ദുരിതം കൂടുതല്‍. പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്കൂളില്‍ രണ്ട് അധ്യാപകര്‍ക്കാണ് സര്‍ക്കാര്‍ നിയമനം ലഭിച്ചത്. ഹിന്ദി, ബയോളജി വിഷയങ്ങള്‍ക്ക് മാത്രം. ബാക്കിയുള്ള അധ്യാപകരെല്ലാം എയ്ഡഡ് സ്കൂളില്‍നിന്ന് പോസ്റ്റ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രൊട്ടക്റ്റ് ചെയ്യപ്പെട്ടവരാണ്. ഇവര്‍ക്കുള്ള ശമ്പളം സ്വന്തം ലാവണത്തില്‍നിന്നാണ് നല്‍കുന്നത്. ഇവിടെ കായിക അധ്യാപകന്‍, ക്ളര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടുത്തെ യു.പി വിഭാഗം പ്രധാനാധ്യാപകനുതന്നെയാണ് ¥ൈഹസ്കൂളിന്‍െറയും ചുമതല. നിലവില്‍ ഈ വിദ്യാലയത്തിലെ ഏഴാംക്ളാസില്‍നിന്ന് എട്ടാംക്ളാസില്‍ പ്രവേശിക്കേണ്ട കുട്ടികളില്‍ പലരും ഇതേ സ്കൂളില്‍ ചേര്‍ന്നില്ല. നിരവധി കുട്ടികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പോയി. ആര്‍.എം.എസ്.എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വണ്ടൂര്‍ കാപ്പില്‍, കാരാട് സ്കൂളിന് പറയാനുള്ളത് അധ്യാപക ക്ഷാമത്തിന്‍െറ കഥയാണ്. ആര്‍.എം.എസ്.എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന ഈ വിദ്യാലയത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അഞ്ച് അധ്യാപകരാണുള്ളത്. ആര്‍.എം.എസ്.എയുടെ നിയമാവലി പ്രകാരം രണ്ട് ഭാഷാ അധ്യാപകരെ മാത്രമേ നിയമിക്കൂ. ഇംഗ്ളീഷിനും ഹിന്ദിക്കും അധ്യാപകരായാല്‍ മലയാളത്തിന് ടീച്ചറുണ്ടാവില്ല. ബാക്കിവരുന്ന മൂന്ന് സബ്ജക്ട് ടീച്ചര്‍ വേണം മറ്റു വിഷയങ്ങളും പഠിപ്പിക്കാന്‍. ഈ ദുര്‍ഗതി സഹിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ മറ്റു വിദ്യാലയങ്ങളില്‍ ചേരും. ആര്‍.എം.എസ്.എക്ക് കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും അവസാനം മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്ത താനാളൂര്‍ മീനടത്തൂര്‍ ജി.എം.യു.പി സ്കൂളും ദുരിതക്കയത്തിലാണ്. ഇവിടെ എട്ട്, ഒമ്പത്, 10 സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് 6 ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, കെട്ടിട സൗകര്യം ഇല്ലാത്തതുകാരണം പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറിപോലും ക്ളാസാക്കിയിരിക്കുകയാണ്. പ്രധാനാധ്യാപകന്‍െറ പോസ്റ്റ് ഇതുവരെ അനുമതിയായിട്ടില്ല. പ്യൂണ്‍, ക്ളര്‍ക്ക്, പി.ടി.സി.എം പോസ്റ്റുകളും തഥൈവ. ബയോളജി, സോഷ്യല്‍ സയന്‍സ്, അറബിക്, മലയാളം വിഷയങ്ങള്‍ക്ക് അധ്യാപകരെ വേണം. യു.പി വിഭാഗത്തിന്‍െറ കമ്പ്യൂട്ടര്‍ സൗകര്യമാണ് പ്രയോജനപ്പെടുത്തുന്നത്. ഇങ്ങനെയൊക്കയായിട്ടും ഈ വിദ്യാലയത്തില്‍നിന്നും വലിയ തോതില്‍ കുട്ടികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല. എം.എല്‍.എ ഫണ്ടുപയോഗിച്ചുള്ള കെട്ടിട നിര്‍മാണം പുരോഗമിക്കുന്നതോടെ ഒരു പരിധിവരെ കെട്ടിട പ്രശ്നം പരിഹരിച്ചേക്കും. താല്‍ക്കാലിക അധ്യാപകരെ നിയമിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകുന്ന മീനടത്തൂര്‍ ഹൈസ്കൂളില്‍ ലക്ഷകണക്കിന് രൂപ പി.ടി.എക്ക് ബാധ്യതയും ഉണ്ടാകുന്നു. ചെമ്മാട് തൃക്കുളം സ്കൂളില്‍ അധ്യാപക ക്ഷാമം രൂക്ഷമാണ്. ആര്‍.എം.എസ്.എ ഏറ്റെടുക്കാന്‍ തീരുമാനിച്ച ഈ വിദ്യാലയത്തിലും ദൂരപരിധിയാണ് പ്രയാസം സൃഷ്ടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.