മലപ്പുറം: മലപ്പുറം ആര്‍.ടി.ഒയുടെ വാഹനപരിശോധനയില്‍ മനംനൊന്ത് ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മേല്‍മുറി 27ലാണ് സംഭവം. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന പച്ചക്കറി കോഴിക്കോട് വിപണനം നടത്തി തിരിച്ചുവരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള 407 ലോറി ആര്‍.ടി.ഒ പരിശോധിക്കാനായി തടയുകയും രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ലോറി ഡ്രൈവര്‍ അടുത്തുള്ള മരത്തില്‍ കഴുത്തില്‍ കയറിട്ട് ആത്മഹത്യാ ശ്രമം നടത്തിയത്. ലൈസന്‍സുള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ പിഴയടക്കാന്‍ പറഞ്ഞതാണ് ലോറി തൊഴിലാളിയെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ലോറിത്തൊഴിലാളിയുടെ പക്കല്‍ ലൈസന്‍സുള്‍പ്പെടെ രേഖകളൊന്നും ഉണ്ടായിരുന്നില്ളെന്നാണ് ആര്‍.ടി.ഒ പറയുന്നത്. അഞ്ചുമാസം കാലാവധി തെറ്റിയ ലൈസന്‍സാണ് ഡ്രൈവറുടെ കൈയില്‍ ഉണ്ടായിരുന്നതെന്നും നമ്പര്‍പ്ളേറ്റ് ശരിയായ വിധത്തിലല്ല സ്ഥാപിച്ചിരുന്നതെന്നും ആര്‍.ടി.ഒ പറഞ്ഞു. ഇവരില്‍നിന്ന് പിഴ ഈടാക്കിയില്ല. പകരം വാഹനത്തിന്‍െറ അസ്സല്‍ ആര്‍.സി ബുക്ക് വാങ്ങി വെച്ചിരിക്കുകയാണെന്നും ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ആര്‍.സി ബുക്ക് തിരിച്ചേല്‍പ്പിക്കാമെന്ന വ്യവസ്ഥയില്‍ വാഹനവും ലോറി തൊഴിലാളികളെയും വിട്ടയച്ചെന്നും ആര്‍.ടി.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.