ബൈക്കില്‍ ‘ത്രിബിളടിച്ചാല്‍’ പിടിവീഴും

തിരൂര്‍: ബൈക്കില്‍ മൂന്നുപേരെ കയറ്റി യാത്രചെയ്യുന്നവരെ പിടികൂടാന്‍ വെള്ളിയാഴ്ച മുതല്‍ പ്രത്യേക പരിശോധനയെന്ന് ആര്‍.ടി.ഒ കെ.എം. ഷാജി. തിരൂര്‍ പ്രസ്ഫോറത്തില്‍ അതിഥി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്‍െറയും ഹോം ഗാര്‍ഡുകളുടെയും സഹായത്തോടെ നടത്തുന്ന പരിശോധനയില്‍ കുടുങ്ങിയാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. മറ്റ് ജില്ലകളെ അപേക്ഷിച്ച് ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്യുന്ന പ്രവണത മലപ്പുറത്തെ യുവാക്കള്‍ക്കിടയില്‍ കൂടുതലാണെന്നും ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക പരിശോധന നടത്തുന്നതെന്നും ആര്‍.ടി.ഒ അറിയിച്ചു. പരിശോധനക്കിടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കാമറകളുടെ സഹായത്തോടെ കുടുക്കും. വാഹന ഉടമയാകും നടപടിക്ക് വിധേയമാകുക. ജില്ലയില്‍ അപകടങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും മരണനിരക്ക് വര്‍ധിച്ചതായി ആര്‍.ടി.ഒ ചൂണ്ടിക്കാട്ടി. യുവാക്കള്‍ ഓടിക്കുന്ന വാഹനങ്ങളാണ് അധികവും അപകടത്തില്‍ പെടുന്നത്. ഇത് തടയാന്‍ പ്ളസ്ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ വാഹനാപകട ബോധവത്കരണ കാമ്പയിന്‍ നടത്താന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മാപ്സുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. ഉണ്യാലിലെ ഫിഷറീസ് ഗ്രൗണ്ടില്‍ കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന കേന്ദ്രം എന്നിവ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ട്. രണ്ടേക്കര്‍ വരുന്ന ഫിഷറീസ് ഭൂമി മോട്ടോര്‍വാഹന വകുപ്പിന് വിട്ടുനല്‍കിയാല്‍ ഒരു കോടിരൂപ ചെലവില്‍ പദ്ധതി നടപ്പാക്കും. ഇതുസംബന്ധിച്ച് താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാനുമായി പ്രാഥമിക ചര്‍ച്ച നടത്തി. റോഡരികുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രവണതയും മറ്റ് ജില്ലകളേക്കാള്‍ മലപ്പുറത്ത് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ഫോറം പ്രസിഡന്‍റ് വിനോദ് തലപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജമാല്‍ ചേന്നര സ്വാഗതവും ട്രഷറര്‍ അഫ്സല്‍ വി.കെ. പുരം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.