തിരൂര്‍: സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് വേളകളില്‍ ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് നോക്കുകുത്തിക്ക് തുല്യം. ഓപ്പറേറ്റിങ് കേന്ദ്രമല്ലാത്തതിനാല്‍ തിരൂരില്‍ നിന്ന് അധിക സര്‍വിസുകള്‍ ആരംഭിക്കാനോ ക്രമീകരിക്കാനോ സാധിക്കാത്തത് യാത്രക്കാരുടെ ദുരിതം തുടരുന്നതിന് കാരണമാകുന്നു. എസ്.എം ഓഫിസ് തിരൂരില്‍ ആരംഭിക്കുമ്പോള്‍ പ്രധാന നേട്ടമായി ചൂണ്ടിക്കാട്ടിയിരുന്നത് മിന്നല്‍ പണിമുടക്ക് വേളകളില്‍ പ്രാദേശിക തലത്തില്‍ സര്‍വിസ് നടത്താന്‍ നടപടിയുണ്ടാകുമെന്നായിരുന്നു. സ്വന്തമായി സര്‍വിസുകള്‍ തീരുമാനിക്കാനും ക്രമീകരിക്കാനും എസ്.എം ഓഫിസിന് അധികാരമില്ളെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നത്. ബസുകളുടെ സമയക്രമീകരണം മാത്രമാണ് എസ്.എം ഓഫിസുകളുടെ പ്രധാന ജോലി. അതിനാല്‍ തിങ്കളാഴ്ച വൈകീട്ട് മിന്നല്‍ പണിമുടക്കുണ്ടായപ്പോഴും ചൊവ്വാഴ്ച മുഴുവന്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയപ്പോഴും എസ്.എം ഓഫിസ് അധികൃതര്‍ക്ക് കാര്യമായ റോള്‍ ഒന്നുമുണ്ടായില്ല. പൊന്നാനി, മഞ്ചേരി, മലപ്പുറം തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് അധികം ബസുകള്‍ അനുവദിച്ചതിനാല്‍ ആ റൂട്ടുകളില്‍ കൂടുതല്‍ ബസുകള്‍ സര്‍വിസ് നടത്തിയെന്ന് മാത്രം. തിങ്കളാഴ്ച മിന്നല്‍ പണിമുടക്കുണ്ടായപ്പോള്‍ ഒട്ടേറെ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് പ്രതീക്ഷിച്ച് എസ്.എം ഓഫിസിനെ സമീപിച്ചിരുന്നു. അവര്‍ക്ക് മുന്നില്‍ അധികൃതര്‍ കൈമലര്‍ത്തി. പുറത്തൂര്‍, കുറ്റിപ്പുറം, താനൂര്‍, വളാഞ്ചേരി, കൂട്ടായി, വെട്ടം ചീര്‍പ്പ്, ചെമ്മാട് മേഖലകളിലേക്കൊന്നും കെ.എസ്.ആര്‍.ടി.സി പേരിനു പോലുമില്ല. അതിനാല്‍ ഈ മേഖലകളിലേക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സര്‍വിസുകള്‍ ഉണ്ടായില്ല. ഈ റൂട്ടുകളിലെ യാത്രക്കാര്‍ക്കെല്ലാം സ്വകാര്യ വാഹനങ്ങളത്തെന്നെ ആശ്രയിക്കേണ്ടി വന്നു. മംഗലം വഴിയുള്ള ഒരു ബസാണ് തീരദേശ മേഖലയിലേക്കുള്ള ഏക ‘ആന വണ്ടി’. മിക്ക റൂട്ടുകളിലും നേരത്തെ കെ.എസ്.ആര്‍.ടി.സി സര്‍വിസുണ്ടായിരുന്നെങ്കിലും ബസുകളുടെ ക്ഷാമവും മറ്റും ചൂണ്ടിക്കാട്ടി ക്രമേണ ഓരോന്നായി പിന്‍വലിക്കുകയായിരുന്നു. പിന്നീട് എല്ലാ ബസുകളും നിലച്ചു. തിരൂരില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. സ്ഥലം ലഭ്യമാക്കി ഡിപ്പോ ആരംഭിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നിട്ടിറങ്ങാത്തതാണ് തിരൂരിന് ശാപമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.