പാട്ടിന്‍െറ ഹൃദയത്തിലേക്ക് കവാടം തുറന്ന് ‘കോഹിനൂര്‍ രത്നം’

മലപ്പുറം: ചാന്ദ് കോ ഠൂന്‍ഠെ പാഗല്‍ സൂരജ് ശാം കൊ ഠൂന്‍ഠെ സവേര മേം ഭീ ഠൂന്‍ഠൂന്‍ ഉസ് പ്രീതം കോ ഹോന സകാ ജോ മേരാ (ചന്ദ്രനെ തിരയും ഭ്രാന്തന്‍ സൂര്യന്‍ രാവിനെ തിരയും പ്രഭാതവും ഞാനും തിരയും എന്‍െറതാക്കാന്‍ കഴിയാത്ത ആ പ്രണയിനിയെ). ബൈജു ബാവ്റ എന്ന ഹിന്ദി ചിത്രത്തിലെ ‘ഓ ദുനിയാ കെ രഖ്വാലേ’ എന്ന് തുടങ്ങുന്ന അനശ്വര ഗാനത്തിലെ മനോഹര വരികളാണിത്. ഷക്കീല്‍ ബദായുനിയുടെ വരികള്‍ക്ക് നൗഷാദിന്‍െറ സംഗീതത്തില്‍ മുഹമ്മദ് റഫി എന്ന അനുഗ്രഹീത പാട്ടുകാരന്‍ ശബ്ദം നല്‍കിയപ്പോള്‍ സംഗീതാസ്വാദകരുടെ മനസ്സില്‍നിന്ന് ഒരിക്കലും മായാത്ത പാട്ടായി അത് മാറി. എന്നാല്‍, സംഗീതാസ്വാദനത്തിനൊപ്പം പാട്ടിന്‍െറ വരികള്‍ നല്‍കുന്ന ആശയപ്രപഞ്ചത്തിലേക്ക് കൂടി ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുകയാണ് ‘കോഹിനൂര്‍ രത്നം’ എന്ന സംഗീത ആല്‍ബം. ഉര്‍ദു കവിതകളുടെയും ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെയും ഗസലുകളുടെയും മലയാള പരിഭാഷ ഓഡിയോ രൂപത്തില്‍ ഉള്‍പ്പെടുത്തിയാണ് ‘കോഹിനൂര്‍ ര്തനം’ -സംഗീത ആല്‍ബം തയാറാക്കിയിരിക്കുന്നത്. മലപ്പുറം മൈലപ്പുറം സ്വദേശിയും ഉര്‍ദു പണ്ഡിതനുമായ വി.എം. അഷ്റഫാണ് തെരഞ്ഞെടുത്ത 60 ഗാനങ്ങളും അവയുടെ മലയാള വിവര്‍ത്തനവും അടങ്ങിയ സീഡി തയാറാക്കിയത്. ഉര്‍ദു പ്രചാരകനും കവിയുമായിരുന്ന ഡോ. എസ്.എം. സര്‍വറിന്‍െറ മകനാണിദ്ദേഹം. ഭാഷാപഠിതാക്കള്‍ക്കും സംഗീതാസ്വാദകര്‍ക്കും ഒരുപോലെ ഉപകാരപ്പെടുംവിധമാണ് ആല്‍ബത്തിന്‍െറ സംവിധാനം. മുഹമ്മദ് റഫി, ജഗ്ജിത് സിങ്, അതാവുല്ല ഖാന്‍, ഗുലാം അലി, സോനു നിഗം, മുകേഷ്, കിഷോര്‍ കുമാര്‍, ലതാ മങ്കേഷ്കര്‍ തുടങ്ങിയ പ്രതിഭകളുടെ ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രകാശനം കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ. വാര്യര്‍ നിര്‍വഹിച്ചു. വില്ലൂര്‍ മുഹമ്മദ് ഏറ്റുവാങ്ങി. കേരള ഉര്‍ദു അക്കാദമി അംഗം ഷംസുദ്ദീന്‍ തിരൂര്‍ക്കാട്, ബോംബേ ബാവ, വില്ലന്‍ യഹ്യ, കോഡൂര്‍, വി. മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.