ഇനി നിയമസഭയില്‍ കാണാം, യൂത്ത് പാര്‍ലമെന്‍റ് ചാമ്പ്യന്മാര്‍ അനന്തപുരിയിലേക്ക്

മലപ്പുറം: പ്രസിഡന്‍റിന്‍െറ നയപ്രഖ്യാപനവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചോദ്യോത്തര വേളയും ഇറങ്ങിപ്പോക്കുമെല്ലാമുള്ള പാര്‍ലമെന്‍റ് സമ്മേളനം നിയമസഭാ ഹാളില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരു സംഘം വിദ്യാര്‍ഥികള്‍. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പാര്‍ലിമെന്‍ററി അഫേഴ്സ് സംഘടിപ്പിച്ച സംസ്ഥാന തല യൂത്ത് പാര്‍ലമെന്‍റ് മത്സരത്തില്‍ സ്കൂള്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. എല്ലാ ജില്ലകളില്‍നിന്നുമായി സംസ്ഥാന തല യോഗ്യത നേടിയ 28 ടീമുകള്‍ മാറ്റുരച്ച മത്സരത്തിലാണ് സ്കൂള്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. സമ്മാനം ഏറ്റുവാങ്ങാന്‍ 24ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുകയാണ് പാര്‍ലമെന്‍റ് അംഗങ്ങളും അധ്യാപകരും. 25ന് പഴയ നിയമസഭാ ഹാളിലാണ് സമ്മാന വിതരണം. ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അവിടെ സമ്മാനാര്‍ഹമായ യൂത്ത് പാര്‍ലമന്‍റ് പുനരാവിഷ്കരിക്കും. സ്കൂളിലെ വിവിധ ക്ളാസുകളിലെ 60 വിദ്യാര്‍ഥികളാണ് പാര്‍ലമെന്‍റംഗങ്ങള്‍. പ്ളസ്വണ്‍ സയന്‍സിലെ അനില പ്രസിഡന്‍റും പ്ളസ്വണ്‍ ഹ്യുമാനിറ്റീസിലെ നിഷാന പ്രധാനമന്ത്രിയും പ്ളസ്ടു കോമേഴ്സിലെ ഷബീബ് മാലൂഫ് പ്രതിപക്ഷ നേതാവും പ്ളസ്ടു ഹ്യൂമാനിറ്റീസിലെ സുമിഷ സ്പീക്കറും ആയും വേഷമിടുന്നു. സമകാലിക വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ അറിവും അനുഭവവും വിലയിരുത്തുന്നതാണ് യൂത്ത് പാര്‍ലിമെന്‍റ്. ചോദ്യോത്തര വേളയില്‍ ഉയര്‍ന്ന കാലിക പ്രസക്തമായ ചോദ്യങ്ങളും അതിനുള്ള പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടികളും ശ്രദ്ധേയമാണ്. യഥാര്‍ഥ പാര്‍ലിമെന്‍റ് സമ്മേളനത്തിലെ മിക്കവാറും നടപടിക്രമങ്ങളും ഒന്നര മണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും. പാര്‍ലമെന്‍ററി ലിറ്ററസി ക്ളബ് കോഓഡിനേറ്റര്‍ ടി. ഹാരിസിന്‍െറ നേതൃത്വത്തില്‍ സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് പരിശീലനം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.