പാണ്ടിക്കാട്ട് മാവോവാദി നേതാവ് പിടിയില്‍

പാണ്ടിക്കാട് (മലപ്പുറം): നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് തൃശൂര്‍ കോതമംഗലം സ്വദേശി വലിയകുളങ്ങര വിനോദ് എന്ന വിനുവിനെ (34) പാണ്ടിക്കാട് പൊലീസ് പിടികൂടി. പാണ്ടിക്കാട് മൂരിപ്പാടത്ത് സഹോദരി താമസിക്കുന്ന വീട്ടില്‍ എത്തിയ വിവരം ലഭിച്ചതിനെതുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നിര്‍ദേശപ്രകാരം പാണ്ടിക്കാട് സി.ഐ കെ.എം. ദേവസ്യ, എസ്.ഐ ബേസില്‍ തോമസ് എന്നിവരുടെ നേതൃത്വ ത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച പുലര്‍ച്ചെ നാലരക്ക് വീട് പരിശോധിച്ചാണ് വിനോദിനെ പിടികൂടിയത്. മൂന്ന് വര്‍ഷമായി സംഘടനയുടെ സജീവ പ്രവര്‍ത്തകനായ വിനോദ് ഒളിത്താവളങ്ങളില്‍നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 11 വര്‍ഷം പോരാട്ടം എന്ന സംഘടനയിലും പ്രവര്‍ത്തിച്ചു. മാനന്തവാടി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളില്‍ യു.എ.പി.എ നിയമപ്രകാരമുള്ള കേസുകളില്‍ പ്രതിയാണ്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ദേശവിരുദ്ധ ലഘുലേഖകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കല്‍പറ്റ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണക്ക് ഹാജരാകാത്തതിനാല്‍ ഇയാള്‍ക്കെതിരെ വാറന്‍റും ഉണ്ട്. അഗളിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ ഒട്ടിച്ച കേസിലും പ്രതിയാണ്. ഈ കേസില്‍ 2013ല്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോവുകയായിരുന്നു. മറ്റ് ജില്ലകളിലും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും വിശദവിവരങ്ങള്‍ ശേഖരിച്ച് വരുന്നതായും സി.ഐ പറഞ്ഞു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഇന്‍േറനല്‍, നാഷനല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും പ്രതിയെ ചോദ്യം ചെയ്തു. തണ്ടര്‍ബോള്‍ട്ട്, പൊലീസ് എന്നിവരുടെ കനത്ത ബന്തവസില്‍ ഞായറാഴ്ച പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജയിലിലാക്കി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ ക്രിസ്റ്റി, വി. മന്‍സൂര്‍, സി.പി.ഒമാരായ റഹ്മത്തുല്ല, സതീഷ്, ഫാസില്‍ കുരിക്കള്‍, സിന്ധു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.