ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വളാഞ്ചേരി ടൗണ്‍

വളാഞ്ചേരി: ദേശീയപാതയില്‍ വളാഞ്ചേരി വഴി വാഹനങ്ങളില്‍ പോകുന്നവരുടെ യാത്രാദുരിതം പരിഹാരമില്ലാതെ നീളുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന പ്രധാന ടൗണുകളില്‍ ഒന്നാം സ്ഥാനം ഇപ്പോഴും വളാഞ്ചേരിക്കാണ്. പട്ടാമ്പി, കോഴിക്കോട്, തൃശൂര്‍, പെരിന്തല്‍മണ്ണ റോഡുകള്‍ ചേരുന്ന സ്ഥലമായതിനാല്‍ ജങ്ഷനില്‍ മിക്കസമയങ്ങളിലും ഗതാഗതക്കുരുക്കാണ്. റോഡിന്‍െറ വീതിക്കുറവും അനധികൃത പാര്‍ക്കിങ്ങും നിയമം തെറ്റിച്ചുള്ള വാഹനങ്ങളുടെ ഓട്ടവും ചേരുമ്പോള്‍ ദേശീയപാതയില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടും. ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പൊലീസ് നന്നായി വിയര്‍ക്കുന്നതാണ് പലപ്പോളും കാണുന്നത്. ജങ്ഷനില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ ലൈറ്റ് സംവിധാനമുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് ശമനമില്ല. കുറ്റിപ്പുറം റോഡില്‍നിന്ന് കോഴിക്കോട് റോഡിലേക്കും കോഴിക്കോട് റോഡില്‍നിന്ന് പെരിന്തല്‍മണ്ണ റോഡിലേക്കും ഫ്രീ ലെഫ്റ്റ് സൗകര്യം ഉപയോഗിച്ച് വാഹനങ്ങള്‍ കടന്നുപോകുവാന്‍ റോഡിന്‍െറ വീതിക്കുറവ് കാരണം സാധിക്കുന്നില്ല. കഞ്ഞിപ്പുര-മൂടാല്‍ റോഡ് വഴി വാഹനങ്ങള്‍ക്ക് തിരിഞ്ഞുപോകണമെന്ന ബോര്‍ഡുകള്‍ കഞ്ഞിപ്പുരയിലും മൂടാലിലും വെച്ചിട്ടുണ്ടെങ്കിലും റോഡ് ബൈപാസ് ആക്കി 30 മീറ്ററില്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഇതുവഴി വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്നില്ല. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനാല്‍ അടുത്തെങ്ങും വാഹനങ്ങള്‍ കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് വഴി തിരിച്ചുവിടാമെന്ന പ്രതീക്ഷക്കും വകയില്ല. ദേശീയപാതയില്‍ മീമ്പാറയില്‍നിന്ന് വാഹനങ്ങള്‍ പെരിന്തല്‍മണ്ണ റോഡിലേക്ക് തിരിഞ്ഞുപോകുവാന്‍ സാധിക്കുന്ന മീമ്പാറ-വൈക്കത്തൂര്‍ റോഡ് തകര്‍ന്നു കിടക്കുകയാണ്. മീമ്പാറ-വൈക്കത്തൂര്‍ റോഡ് ഉള്‍പ്പടെ ടൗണിലെ റിങ് റോഡുകളുടെ വികസനത്തിന് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയത് ആശ്വാസമാണെങ്കിലും ജനപ്രതിനിധികളുടെ ശക്തമായ ഇടപെടല്‍ ഉണ്ടായില്ളെങ്കില്‍ ഈ തുക ഒന്നുമല്ലാതാകും. വളാഞ്ചേരി ടൗണില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കണമെന്നും ആവശ്യമുണ്ട്. എന്നാല്‍, ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് പ്രശ്നം. ബസ്സ്റ്റാന്‍ഡിലേക്കുള്ള പ്രവേശ കവാടങ്ങളിലും ദീര്‍ഘദൂര ലിമിറ്റഡ് ബസുകള്‍ നിര്‍ത്തുന്ന കോഴിക്കോട് റോഡ് എന്നിവിടങ്ങളിലും പൊലീസിന്‍െറ സേവനം അത്യാവശ്യമാണ്. ബസ്സ്റ്റാന്‍ഡിന് മുന്‍വശത്ത് ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കാന്‍ സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പടെയുള്ളവര്‍ ഏറേ പ്രയാസപ്പെടുകയാണ്. തെളിച്ചമില്ലാത്ത സീബ്രാലൈനണ് ഇവിടെയുള്ളത്. വളാഞ്ചേരിയില്‍ ഒരു ട്രാഫിക് യൂനിറ്റ് അനുവദിക്കുകയും അനധികൃത പാര്‍ക്കിങ്ങും ഗതാഗത നിയമങ്ങള്‍ തെറ്റിച്ചുള്ള വാഹനങ്ങളുടെ ഓട്ടവും തടഞ്ഞാല്‍ രൂക്ഷമായ ഗതാഗക്കുരുക്കിന് അല്‍പം ആശ്വാസം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.