പ്രീ പ്രൈമറി ഏകീകൃത പാഠ്യപദ്ധതി ഈ വര്‍ഷവുമില്ല

മലപ്പുറം: ഇംഗ്ളീഷ് (മൂന്ന് പുസ്തകങ്ങള്‍) -375, കളറിങ് -35, മലയാളം -35, വര്‍ക്ബുക് -40. മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്കൂളിലെ പ്രീ പ്രൈമറി ക്ളാസില്‍ ഈ വര്‍ഷം ചേര്‍ന്ന മൂന്നരവയസ്സുകാരിയുടെ പാഠപുസ്തകങ്ങളുടെ വിലയാണിത്. സംസ്ഥാനത്തെ പ്രീപ്രൈമറി വിദ്യാലയങ്ങള്‍ക്ക് ഏകീകൃത പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നടപ്പാക്കാനുള്ള പദ്ധതി ഈ വര്‍ഷവും നടപ്പായില്ല. സ്കൂളുകള്‍ക്ക് ഏത് പുസ്തകവും പഠിപ്പിക്കാന്‍ തെരഞ്ഞെടുക്കാം, പ്രസാധകര്‍ക്ക് തോന്നിയ വില ഈടാക്കാം, രചയിതാക്കള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്താം എന്നതാണ് സ്ഥിതി. ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് നിലവില്‍ പാഠപുസ്തകം സൗജന്യമാണ്. എന്നാല്‍, അതേ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് കീഴിലെ പ്രീപ്രൈമറി ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ പുസ്തകത്തിന് മാത്രം നല്‍കണ്ടേത് 500ഉം 600ഉം രൂപ വരെ. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മൂന്നിനും ആറിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസവും പരിചരണവും സംസ്ഥാന-തദ്ദേശ സര്‍ക്കാറുകളുടെ ചുമതലയാണ്. ഇതിന്‍െറ ചുവടുപിടിച്ച് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) പാഠപുസ്തക നിര്‍മാണത്തിനുള്ള നടപടികള്‍ക്ക് കഴിഞ്ഞ അധ്യയനവര്‍ഷം തുടക്കം കുറിച്ചിരുന്നു. വിദഗ്ധ സമിതി ആവിഷ്കരിച്ച പ്രീ സ്കൂള്‍ പാഠ്യപദ്ധതി സമീപനരേഖ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതിന്‍െറ തുടര്‍ച്ചയായി പ്രീപ്രൈമറി അധ്യാപകര്‍ക്കായി പത്ത് ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ ‘കളിക്കൂട്ടവും കളിവഞ്ചിയും’ വര്‍ക്ബുക്കും തീം ചാര്‍ട്ടും തയാറാക്കി കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം നേടി. അധ്യാപകര്‍ക്കുള്ള ഈ ആക്റ്റിവിറ്റ്ബുക് ജൂണ്‍ ആദ്യവാരം സ്കൂളുകളില്‍ എത്തിക്കാനും മൂന്ന് മാസത്തിനുള്ളില്‍ ഇതുപ്രകാരമുള്ള പാഠപുസ്തകം തയാറാക്കാനുമായിരുന്നു എസ്.സി.ഇ.ആര്‍.ടിയുടെ പദ്ധതി. എന്നാല്‍, അധ്യയനവര്‍ഷം തുടങ്ങി ഒന്നരമാസം കഴിഞ്ഞിട്ടും ആക്റ്റിവിറ്റി ബുക് പ്രിന്‍റ് ചെയ്യാന്‍ നടപടിയായില്ല. സ്വന്തം നിലക്ക് പുസ്തകങ്ങള്‍ വാങ്ങി അധ്യയനം നടത്തുകയാണ് സ്കൂളുകള്‍ ഇത്തവണയും. ശിശുവിദ്യാഭ്യാസത്തിന്‍െറ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണെങ്കിലും സമഗ്ര സമീപനമോ സംയോജിതമായ പാഠ്യപദ്ധതിയോ ഇനിയും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. മൂന്ന് വയസ്സുമുതല്‍ ഒൗപചാരിക വിദ്യാഭ്യാസം നേടുന്നവരാണ് മിക്കവാറും കുട്ടികളും. വിദ്യാഭ്യാസവകുപ്പ്, സാമൂഹികക്ഷേമ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, പട്ടിക-ജാതി വര്‍ഗ വികസനവകുപ്പ്, മതസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിങ്ങനെ പലരുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ബോധനത്തിലോ പരിചരണത്തിലോ ശുചിത്വ കാര്യങ്ങളിലോ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നവയാണ് ഇവയില്‍ പലതും. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിടുന്ന സ്ഥാപനങ്ങളുമേറെ. ഈ പശ്ചാത്തലത്തിലാണ് ഏകീകൃത പാഠ്യപദ്ധതി എന്ന ആവശ്യം ഉയര്‍ന്നുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.