തിരൂര്‍ എം.ഇ.എസ് സ്കൂള്‍ ഫീസ് കുറച്ചു; നാളെ തുറക്കും

തിരൂര്‍: എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളിലെ ഫീസ് വര്‍ധനയെ തുടര്‍ന്നുള്ള പ്രശ്നം അവസാനിച്ചു. വര്‍ധന 15 ശതമാനത്തില്‍നിന്ന് 10 ആക്കാന്‍ മാനേജ്മെന്‍റ് സമ്മതിച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്. സ്കൂള്‍ തിങ്കളാഴ്ച തുറക്കും. കോഴിക്കോട് എം.ഇ.എസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂറാണ് തീരുമാനം പ്രഖ്യാപിച്ചത്. സമരസമിതി ഉന്നയിച്ച മറ്റ് ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണമായ നടപടി എടുക്കുമെന്ന് നേതൃത്വം അറിയിച്ചതായി പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങിയ അഡ്വ. പി. നസറുല്ല പറഞ്ഞു. ഫീസ് വര്‍ധനവിനെ തുടര്‍ന്ന് ഒരുവിഭാഗം രക്ഷിതാക്കളുടെ സമരത്തെ തുടര്‍ന്നാണ് സ്കൂള്‍ അനിശ്ചിതകാലത്തേക്ക് മാനേജ്മെന്‍റ് അടച്ചത്. അഡ്വ. പി. നസറുല്ല, യാസര്‍ അറഫാത്ത്, കമര്‍ഷ, സി.എം.ടി. മസ്ഹൂദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങളാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്. ഫീസ് വര്‍ധന പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്‍മാറില്ളെന്ന് രക്ഷിതാക്കള്‍ കടുത്ത നിലപാടെടുത്തതോടെ മാനേജ്മെന്‍റ് സമ്മര്‍ദത്തിലായി. തുടക്കത്തില്‍ വിവിധ ഘട്ടങ്ങളിലായുള്ള ഫീസ് വര്‍ധനയുള്‍പ്പെടെയുള്ള ഫോര്‍മുലകള്‍ മാനേജ്മെന്‍റ് മുന്നോട്ടുവെച്ചെങ്കിലും രക്ഷിതാക്കള്‍ വഴങ്ങിയില്ല. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ ഫസല്‍ ഗഫൂര്‍ സമിതിയെ നിയോഗിച്ചതാണ് വഴിത്തിരിവായത്. രണ്ട് ദിവസങ്ങളായി നടന്ന കണക്ക് പരിശോധനക്ക് ശേഷമാണ് ഫീസ് കുറക്കാന്‍ മാനേജ്മെന്‍റ് തയാറായത്. തുടര്‍ന്ന് സമരരംഗത്തുള്ള രക്ഷിതാക്കളുമായി ധാരണയുണ്ടാക്കുകയും അന്തിമതീരുമാനങ്ങള്‍ ഡോ. ഫസല്‍ ഗഫൂറിന് വിടുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കോഴിക്കോട് യോഗം നടന്നത്. എം.ഇ.എസ് സംസ്ഥാന ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. അബ്ദുറഹ്മാന്‍, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി സെക്രട്ടറി കൈനിക്കര ഷാഫി ഹാജി, വിദ്യാഭ്യാസ ജാഗ്രതാ സമിതി പ്രതിനിധികളായ മോയിന്‍ബാബു, ഗണേശ് വടേരി, ലത്തീഫ് കണ്ടാത്ത്, പി.ടി.എം.എ പ്രതിനിധികളായ അഡ്വ. വിക്രംകുമാര്‍, കെ.പി.ഒ. റഹ്മത്തുല്ല, സ്കൂള്‍ സംരക്ഷണ സമിതി നേതാക്കളായ അന്‍വര്‍ കള്ളിയത്ത്, അബ്ദുസ്സലാം, നിസാമി പീടിയേക്കല്‍, അഡ്വ. പി. നസറുല്ല, സി.എം.ടി. മശ്ഹൂദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.