കൊണ്ടോട്ടി നഗരസഭാ കൗണ്‍സില്‍ യോഗം : ദേശീയപാതയിലെ കുഴികള്‍ അടക്കാന്‍ നിര്‍ദേശം

കൊണ്ടോട്ടി: ഫറോക്ക്-പാലക്കാട് ദേശീയപാതയില്‍ കൊണ്ടോട്ടി 17 മുതല്‍ കുറുപ്പത്ത് വരെയുള്ള ഭാഗങ്ങളിലെ കുഴികളടച്ച് അറ്റകുറ്റപണി നടത്തണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച്ച ചേര്‍ന്ന നഗരസഭായോഗമാണ് ഉടന്‍ തീരുമാനമെടുക്കാന്‍ ദേശീയപാതാ വിഭാഗത്തോട് ആവശ്യപ്പെട്ടത്. വകുപ്പിന്‍െറ നടപടികളില്‍ കാലതാമസമെടുക്കുമെങ്കില്‍ റോഡ് നന്നാക്കുന്നതിനുള്ള അനുമതി നഗരസഭക്ക് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴക്കാലം ആരംഭിച്ചതോടെയാണ് കൊണ്ടോട്ടി 17 മുതല്‍ കുറുപ്പത്ത് ദേശീതപാതയില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. മാധ്യമമടക്കമുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നെങ്കിലും ദിവസങ്ങളായിട്ടും നടപടി സ്വീകരിച്ചിട്ടില്ല. റോഡില്‍ കുഴികളായതോടെ ഈ ഭാഗത്ത് ഗതാഗതകുരുക്കും പതിവായിരിക്കുകയാണ്. കൂടാതെ, മഴ പെയ്യുന്നതോടെ കുഴികള്‍ തിരിച്ചറിയാതെ ഇരുചക്രവാഹനങ്ങളടക്കമുള്ളവ അപകടത്തില്‍പ്പെടുന്നതും സ്ഥിരം കാഴ്ച്ചയാണ്. തുടര്‍ന്നാണ് നഗരസഭായോഗം ചേര്‍ന്ന് വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ദേശീയപാതാ വിഭാഗത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളവികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെയുള്ള പ്രമേയവും കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ജനങ്ങളുടെ ആശങ്കകള്‍ അകറ്റിയതിന് ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ എന്ന് യു.കെ. മമ്മദീശ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കുന്നതിനെതിരെ നേരത്തെയും കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. ദേശീയപാതക്ക് കുറുകെയുള്ള ഖാസിയാരകം ചീനിത്തോട് 40 വര്‍ഷത്തേക്ക് നാല് ലക്ഷം രൂപക്ക് പാട്ടത്തിന് കൈമാറിയത് സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് എടുത്ത തീരുമാനമാണോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. യു.കെ. മമ്മദീശയാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. പഞ്ചായത്തിന്‍െറ മിനുട്സ് ബുക്കിലെയും പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച തീയതികളും തമ്മില്‍ വൈരുധ്യമുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ രേഖകളും നിയമോപദേശം തേടുമ്പോള്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.