പൊന്നാനിയില്‍ അയ്യങ്കാളി നഗരതൊഴിലുറപ്പു പദ്ധതിക്ക് തുടക്കം

പൊന്നാനി: അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം അയ്യങ്കാളി നഗരതൊഴിലുറപ്പു പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി. നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത 3400 തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിക്കാണ് പൊന്നാനി ഈശ്വരമംഗലത്ത് വ്യാഴാഴ്ച തുടക്കമായത്. 2010ല്‍ സംസ്ഥാനത്ത് തുടങ്ങിയ അയ്യങ്കാളി നഗരതൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭക്ക് 49 ലക്ഷം രൂപ അനുവദിച്ചെങ്കിലും കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതി ഒരു തൊഴില്‍ ദിനം പോലും ലഭ്യമാക്കിയിരുന്നില്ല. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും, തൊഴില്‍ കാര്‍ഡ് വിതരണവും ലക്ഷങ്ങള്‍ പൊടിച്ച് യു.ഡി.എഫ് ഭരണ സമിതി നടത്തിയിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല. പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയിരുന്നു. 85 തൊഴിലാളികള്‍ക്കാണ് ആദ്യ ദിനം തൊഴില്‍ ലഭിച്ചത്. നഗരസഭയിലെ 50 വാര്‍ഡുകളിലും അടുത്ത ദിവസം തന്നെ തൊഴില്‍ ദിനങ്ങള്‍ ആരംഭിക്കും. ഈശ്വരമംഗലം ഇറിഗേഷന്‍ കനാലില്‍ നിന്ന് പൊന്നാനിയുടെ നെല്ലറയായിരുന്ന നെയ്തല്ലൂരിലേക്ക് കാര്‍ഷിക പദ്ധതികള്‍ക്ക് വെള്ളമത്തെിക്കുന്ന തോട് വൃത്തിയാക്കിയാണ് പദ്ധതിക്ക് തുടക്കമായത്. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ രമാദേവി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. മുഹമ്മദ് ബഷീര്‍, ഒ.ഒ. ഷംസു, റീന പ്രകാശ്, ഷീന സുദേശന്‍, അഷ്റഫ് പറമ്പില്‍, കൗണ്‍സിലര്‍മാരായ എം.പി. നിസാര്‍, ഉണ്ണികൃഷ്ണന്‍, ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി യു.എസ്. സതീശന്‍ റിപ്പോര്‍ട്ട് വായിച്ചു. പി. രാമകൃഷ്ണന്‍ സ്വാഗതവും പി.എന്‍. രാജഗോപാലന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.