കൊണ്ടോട്ടിയിലെ ലീഗ്-കോണ്‍ഗ്രസ് പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമം

കൊണ്ടോട്ടി: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഉടലെടുത്ത ലീഗ്-കോണ്‍ഗ്രസ് പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമം ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങള്‍ ഒത്തു തീര്‍ക്കാന്‍ ലീഗ് നേതൃത്വമാണ് മുന്നിട്ടിറങ്ങുന്നത്. അനൗദ്യോഗികമായി ഇതിനകം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. എന്തു വിട്ടുവീഴ്ചക്കും ലീഗ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് അണികളില്‍ നല്ളൊരുവിഭാഗം തെരഞ്ഞെടുപ്പിന് മുമ്പ് സഹകരണം വേണ്ടെന്ന നിലപാടിലാണ്. നഗരസഭ, ചെറുകാവ്, മുതുവല്ലൂര്‍, വാഴക്കാട് എന്നിവിടങ്ങളിലാണ് യു.ഡി.എഫ് ബന്ധം വഷളായി കിടക്കുന്നത്. കോണ്‍ഗ്രസിനെ ലീഗില്‍നിന്ന് അകറ്റിയവര്‍ സഹകരണ ചര്‍ച്ചയുമായി കൂട്ടുകൂടുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നഗരസഭാ ഭരണം നിലവിലെ അവസ്ഥപോലെ തുടരട്ടെയെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സംവിധാനം ആവാമെന്നും ലീഗിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചെറുകാവിലും കൊണ്ടോട്ടി ബ്ളോക് പഞ്ചായത്തിലും മുതുവല്ലൂരിലും ഏതാനും ചില ലീഗ് നേതാക്കളുടെ കടുംപിടുത്തമാണ് യു.ഡി.എഫ് ബന്ധം തകരാനിടയാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ചെറുകാവില്‍ യു.ഡി.എഫ് സംവിധാനത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം ലഭിച്ചപ്പോള്‍ പ്രസിഡന്‍റ് സ്ഥാനവും വൈസ് പ്രസിഡന്‍റ് സ്ഥാനവും ലീഗ് കൈവശം വച്ചതോടെയാണ് കോണ്‍ഗ്രസ് മുന്നണി വിട്ടത്. ബ്ളോക് പഞ്ചായത്തിലും ലീഗ് ഇതേ നിലപാടെടുത്തതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. പ്രശ്നം തീര്‍ക്കേണ്ട എം.എല്‍.എ അടക്കമുള്ള ലീഗ് നേതാക്കള്‍ ഇതിന് കൂട്ട് നിന്നത് ന്യായീകരിക്കാന്‍ പറ്റില്ളെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ജനുവരി അവസാനത്തോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രശ്നം തീര്‍ക്കാനാണ് ശ്രമമെങ്കിലും അണികള്‍ എത്രമാത്രം അംഗീകരിക്കുമെന്നതാണ് ഇരു നേതൃത്വത്തെയും കുഴക്കുന്നത്. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെല്ലാം യു.ഡി.എഫ് ബന്ധത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും നഗരസഭയിലെ ഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഇതിനെതിരാണ്. ലീഗിന്‍െറ അഹങ്കാരമാണ് ഈ ഗതിക്ക് കാരണമെന്നാണ് ഇവരുടെ വാദം. വി.എം. സുധീരനും സി.പി.എം കൂട്ടുകെട്ടിനെതിരെ പുളിക്കലില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രശ്ന പരിഹാരത്തിന് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം നഗരസഭയില്‍ നടന്ന അദാലത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ ലീഗ് നേതാക്കള്‍ സജീവമായി പങ്കെടുത്തിരുന്നു. വീട്ടുവീഴ്ചക്ക് തയാറാണെങ്കിലും ചര്‍ച്ച വഴിമുട്ടിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മണ്ഡലത്തില്‍ ക്ഷീണമുണ്ടാകുമോ എന്നതാണ് ലീഗിന്‍െറ ഭയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.