മലപ്പുറം: മൂന്നിയൂര്‍ കുണ്ടംകടവിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണവും അയല്‍വാസിയായ യുവതിയുടെ തിരോധാനവും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. കുണ്ടംകടവ് വെള്ളക്കാടന്‍ ബഷീറിന്‍െറ മകളും വിദ്യാര്‍ഥിനിയുമായിരുന്ന ഇര്‍ഫാനയുടെ മരണവും കുണ്ടംകടവ് പുത്തന്‍ പീടിയേക്കല്‍ അബ്ദുല്‍ അസീസിന്‍െറ മകളും ഭര്‍തൃമതിയുമായ ബല്‍ക്കീസ് ബീവിയുടെ (18) തിരോധാനവും സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. 2015 ഡിസംബര്‍ എട്ടിന് രാത്രി കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ച നിലയിലാണ് ഇര്‍ഫാനയുടെ മൃതദേഹം കണ്ടത്തെിയത്. രാത്രി ഒമ്പതര വരെ വീട്ടില്‍ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ഇര്‍ഫാനയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് രാത്രി 12ഓടെ വീടിന് സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടത്. നീന്തല്‍ നന്നായി അറിയാവുന്ന പെണ്‍കുട്ടിയുടെ മൃതദേഹം അരക്കുതാഴെ മാത്രം വെള്ളമുള്ള ഭാഗത്താണ് കണ്ടത് എന്നതും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ അജ്ഞാതരായ ചിലര്‍ പിന്തുടര്‍ന്നതും ദുരൂഹതയുണര്‍ത്തുന്നുണ്ട്. കൊണ്ടോട്ടി ചെറുകാവിലെ ഭര്‍തൃവീട്ടില്‍നിന്ന് 2015 ഒക്ടോബര്‍ 10നാണ് ബല്‍ക്കീസ് ബീവിയെ കാണാതാവുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനു ശേഷമായിരുന്നു ഇത്. ബല്‍ക്കീസ് ബീവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്റ്റേഷനിലും മലപ്പുറം എസ്.പിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ തുമ്പുണ്ടായില്ല. അയല്‍വാസികളായിരുന്നു മരിച്ച ഇര്‍ഫാനയും കാണാതായ ബല്‍ക്കീസ് ബീവിയും. ഈ രണ്ട് കേസുകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. അല്ലാത്തപക്ഷം, എസ്.പി ഓഫിസ് മാര്‍ച്ചും കുടുംബങ്ങളെ അണിനിരത്തി നിരാഹാരമുള്‍പ്പെടെയുള്ള സമരങ്ങളും സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഹൈദര്‍ കെ. മുന്നിയൂര്‍, എം.സിദ്ദീഖ്, അഷ്റഫ് കളത്തിങ്ങല്‍പാറ, പി.പി ഹംസക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.