പുല്ലങ്കോട് എസ്റ്റേറ്റില്‍ കണ്ടത്തെിയ കാട്ടാനക്ക് ചികിത്സ നല്‍കി

കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റില്‍ വള്ളിപ്പൂള ഭാഗത്ത് തിങ്കളാഴ്ച രാവിലെ അവശനായി കണ്ടത്തെിയ ഒറ്റയാന് വിദഗ്ധ ചികിത്സ നല്‍കി. കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചര്‍ ധനിക് ലാലിന്‍െറ നേതൃത്വത്തില്‍ വയനാട് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ജിജിമോനാണ് ചികിത്സ നല്‍കിയത്. ഇദ്ദേഹം മയക്കുവെടി വെച്ചതോടെ ആന സാവധാനം വനത്തിലേക്ക് നടക്കാന്‍ തുടങ്ങി. ഏകദേശം 50 മീറ്റര്‍ നടന്നശേഷം ഫലം കാണാത്തതിനാല്‍ വീണ്ടും മയക്കുവെടി വെക്കുകയായിരുന്നു. ഇതോടെ ആനയുടെ ബോധം നശിച്ചു. ആന നിശ്ചലമായപ്പോള്‍ ചികിത്സിക്കുകയായിരുന്നു. സാധാരണ ആന മയങ്ങിവീണ ശേഷമാണ് ചികിത്സ നല്‍കാറ്. എന്നാല്‍, പാതിമയങ്ങി നില്‍ക്കുന്നതിനിടയില്‍ തന്നെ ജിജിമോന്‍ ദേഹത്ത് മുറിവുള്ള ഭാഗത്ത് മരുന്നുവെച്ച് കെട്ടി. വള്ളിപ്പൂള മൂച്ചിക്കല്‍ചോല മൂര്‍ത്തിക്കുണ്ട് ഭാഗത്തുവെച്ചാണ് കാട്ടാനയെ വനപാലകര്‍ ചികിത്സിച്ചത്. 21 വയസ്സ് വരുന്ന കൊമ്പനാനയെ തിങ്കളാഴ്ച ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കണ്ടത്തെിയത്. മറ്റ് ആനകളുമായി കൊമ്പുകോര്‍ക്കുന്നതിനിടയിലാണ് മുറിവേറ്റതെന്നാണ് വനപാലകരുടെ നിഗമനം. മുറിവുണങ്ങാനുള്ള മരുന്ന് വെച്ചുകെട്ടിയതായും ഉടന്‍ സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. കാട്ടാനയുടെ മുന്‍ഭാഗത്തെ വലതുകാലിന് പരിക്കേറ്റതിനാല്‍ കാട് കയറാനാകാതെ ഏതാനും ദിവസമായി എസ്റ്റേറ്റില്‍ തമ്പടിച്ചിരിക്കുകയായിരുന്നു. എസ്റ്റേറ്റിലെ ചേനപ്പാടി ഡിവിഷനിലാണ് കാട്ടാന പരിക്കേറ്റ് അവശനായി നിന്നിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.