പന്നിഫാം പൂട്ടാനുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന് പുല്ലുവില; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

എടക്കര: ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടാനുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ഒന്നരമാസം പിന്നിട്ടിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് അമ്പാട്ടിന്‍െറ ഭര്‍ത്താവ് മിഖായേല്‍ ജോസഫ് എന്ന ഈപ്പച്ചന്‍െറ ഉടമസ്ഥതയില്‍ പോത്തുകല്‍ പഞ്ചായത്തിലെ പറയനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാമാണ് അടച്ചുപൂട്ടാന്‍ പഞ്ചായത്ത് സെക്രട്ടറി ഒന്നരമാസം മുമ്പ് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എറിയാട്ട് കുഴിയില്‍ മുജീബ്റഹ്മാന്‍െറ നേതൃത്വത്തില്‍ പരിസരവാസികളാണ് പന്നിഫാമിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫാമിന്‍െറ പ്രവര്‍ത്തനം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടത്തെിയിരുന്നു. ഇതേ തുടര്‍ന്ന് ഉത്തരവ് കൈപറ്റി രണ്ട് ദിവസത്തിനകം ഫാമിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഭരണസ്വാധീനം ഉപയോഗിച്ച് ഉത്തരവ് അവഗണിക്കുകയായിരുന്നു. ലൈവ് സ്റ്റോക്ക് ചട്ടപ്രകാരമുള്ള ലൈസന്‍സോ ആരോഗ്യവകുപ്പിന്‍െറ സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റോ ഗ്രാമപഞ്ചായത്തിന്‍െറ ലൈസന്‍സോ ഇല്ലാതെയാണ് കാലങ്ങളായി ഫാം പ്രവര്‍ത്തിച്ചുവരുന്നത്. ഇവിടത്തെ മാലിന്യങ്ങള്‍ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. പ്രദേശവാസികള്‍ കുളിക്കാനും അലക്കുന്നതിനും ഈ തോടിനെയാണ് ആശ്രയിക്കുന്നത്. തോട്ടിലെ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഫാമിലെ ജീവനക്കാരനടക്കം എലിപ്പനി ബാധിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തത്തെിയത്. ഫാമിന്‍െറ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉടമ തയാറാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോത്തുകല്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഫാം അടച്ചുപൂട്ടുന്നതുവരെ ശക്തമായ സമരങ്ങള്‍ നേരിടേണ്ടിവരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.