കൊളത്തൂര്‍: മങ്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ ജനങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതിയാകുന്നു. ജല അതോറിറ്റിക്ക് കീഴിലെ ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ മൂര്‍ക്കനാട് ബൃഹത് ശുദ്ധജല പദ്ധതിവഴി ഫെബ്രുവരിയില്‍ ജലവിതരണം തുടങ്ങും. മൂര്‍ക്കനാട്, കുറുവ, പുഴക്കാട്ടിരി, കൂട്ടിലങ്ങാടി, മക്കരപറമ്പ്, മങ്കട എന്നീ പഞ്ചായത്തുകള്‍ക്കായാണ് പദ്ധതി. ഗുണഭോക്താക്കള്‍ക്കായി പഞ്ചായത്ത്തല കണക്ഷന്‍ മേളകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മൂര്‍ക്കനാട് പഞ്ചായത്ത്തല കണക്ഷന്‍ മേള ജനുവരി 16 ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും ഓരോ ദിവസം കണക്ഷന്‍ മേളകള്‍ നടത്തും. കുടിവെള്ള പദ്ധതിയുടെ കണക്ഷന്‍ വേണ്ട മൂര്‍ക്കനാട് പഞ്ചായത്തിലെ നിവാസികള്‍ ജനുവരി 16ന് രാവിലെ 10ന് തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പി സഹിതം വെള്ള പേപ്പറില്‍ എഴുതി തയാറാക്കിയ അപേക്ഷയുമായി പഞ്ചായത്ത് ഓഫിസില്‍ എത്തിച്ചേരണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിനായി 16 ന് വൈകുന്നേരം അഞ്ചിന് പടപ്പറമ്പില്‍ സ്വാഗത സംഘം യോഗം ചേരും. 1998ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രാരംഭ നടപടികള്‍ 2002ലാണ് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടില്‍ 24 കോടിയാണ് പദ്ധതിക്ക് ആദ്യം അനുവദിച്ചത്. പിന്നീട് തുക 28 കോടിയായി വര്‍ധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.