ഒന്നു ശ്രദ്ധിക്കുക, ഹിന്ദി മാലൂം....? ഷിയാസ് റെഡി ടു സ്പീക്ക്

തിരൂര്‍: താനൂര്‍ മൂലക്കലിലെ മുഹമ്മദ് ഷിയാസ് ഇപ്പോള്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥി മാത്രമല്ല, നാട്ടിലെ ബഹുഭാഷാ വിദ്വാന്‍ കൂടിയാണ്. മലയാളമെന്ന പോലെ ഹിന്ദിയും ഇംഗ്ളീഷും ഈ കൊച്ചുമിടുക്കന്‍െറ നാവിന്‍തുമ്പില്‍ വിളയാടും. ഹിന്ദി അറിയുമോയെന്ന് ഹിന്ദിയില്‍ ചോദിച്ചാല്‍ ഒരുപക്ഷേ ഇംഗ്ളീഷിലാകും ഉത്തരം- ഐ ആം റെഡി ടു സ്പീക്ക്. ഹിന്ദി, ഇംഗ്ളീഷ് ഭാഷകള്‍ ഒരുപോലെ കൈകാര്യം ചെയ്ത് നാട്ടില്‍ താരമായിരിക്കുകയാണ് ഷിയാസ്. മുജെ തോടാസ ഷുഗര്‍ ചാഹിയേ (എനിക്ക് കുറച്ച് പഞ്ചസാര തരൂ) മൂലക്കലിലെ ബേക്കറിയില്‍നിന്ന് ജ്യൂസ് കുടിക്കുമ്പോള്‍ ബംഗാളിയായ ജോലിക്കാരനോട് ഷിയാസിന്‍െറ കമന്‍റ്. ഇതുകേട്ട് അമ്പരന്നത് ബംഗാളി മാത്രമായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന മൂത്ത സഹോദരന്‍ മുഹമ്മദ് റഈസ് കൂടിയാണ്. ബംഗളൂരുവില്‍ ബിസിനസുകാരനായ തുപ്പത്ത് സലീമിന്‍െ മൂന്ന് ആണ്‍കുട്ടികളില്‍ ഇളയവനാണ് ഷിയാസ്. ഒരിക്കല്‍ ചെന്നൈയില്‍നിന്ന് കുടുംബസമേതം വരുമ്പോള്‍ വഴിയില്‍ കാര്‍ നിര്‍ത്തിയതിനിടെ ഷിയാസ് പുറത്തുണ്ടായിരുന്ന ചിലരുമായി ഹിന്ദിയില്‍ സംസാരിച്ചു. ഉടന്‍ അവര്‍ സലീമിനോട് നിങ്ങള്‍ ഹിന്ദി കുടുംബമാണോയെന്ന് ചോദിച്ചു. ഷിയാസിന്‍െറ ഹിന്ദിയിലെ പ്രാഗല്‍ഭ്യം കണ്ടായിരുന്നു അവരുടെ സംശയം. അവിടെ നിന്നാണ് ഷിയാസിലെ കഴിവ് സലീമും കുടുംബവും തിരിച്ചറിഞ്ഞത്. വൈകാതെ ഇംഗ്ളീഷിലും പ്രാവീണ്യമുള്ളതായി മനസ്സിലായി. ഹിന്ദി, ഇംഗ്ളീഷ് കാര്‍ട്ടൂണുകള്‍ സ്ഥിരമായി കാണുന്ന ഷിയാസ് തന്‍െറ ഭാഷാ പ്രാവീണ്യത്തിന് പിന്നിലെ രഹസ്യം കാര്‍ട്ടൂണുകളാണെന്നും പറയുന്നു. ഭാഷാ വൈഭവത്തിന് പുറമെ വിവിധ അഭ്യാസങ്ങളിലും ഷിയാസിന് മികവുണ്ട്. വിവിധ തരത്തിലുള്ള മെയ്വഴക്കങ്ങളില്‍ അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങള്‍ ഷിയാസ് അവതരിപ്പിക്കും. ആറാം വയസ്സില്‍ തുടങ്ങിയതാണ് കാര്‍ട്ടൂണ്‍ ഭ്രമം. ഒപ്പം വീട്ടുകാര്‍ നല്‍കുന്ന പ്രോത്സാഹനവും. താനൂര്‍ ഐ.സി.എച്ച്.എസ് സ്കൂള്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ്. ഫാത്തിമയാണ് മാതാവ്. ഐ.ടി.സി വിദ്യാര്‍ഥിയായ മുഹമ്മദ് നിയാസാണ് മറ്റൊരു സഹോദരന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.