എല്‍.പി.എസ്.എ, യു.പി.എസ്.എ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക ഫിക്സേഷനുശേഷം

മലപ്പുറം: അങ്ങാടിപ്പുറം മേല്‍പ്പാലത്തിന്‍െറ ഉദ്ഘാടനം മാര്‍ച്ച് 14ന് നടത്താനാകുമെന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ പ്രതിനിധികള്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ ടി. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. എല്‍.പി.എസ്.എ, യു.പി.എസ്.എ അറബിക് ഒഴിവുകള്‍ പി.എസ്.സിക്ക് യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ളെന്ന പരാതി പി. ഉബൈദുല്ല എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു. ഫിക്സേഷനുശേഷമേ പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാവൂവെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കോട്ടപ്പടി ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നതിന് തുക അനുവദിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് പി. ഉബൈദുല്ല എം.എല്‍.എയെ അധികൃതര്‍ അറിയിച്ചു. കോട്ടപ്പടി-തിരൂര്‍ റോഡ് വീതി കൂട്ടുന്നതിന്‍െറ ഭാഗമായി റോഡിലെ ട്രാന്‍സ്ഫോര്‍മര്‍ തിങ്കളാഴ്ച മാറ്റിസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മോങ്ങം മലയംതൊടി കുടിവെള്ള പദ്ധതി ഉടന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കുഴിമണ്ണ സര്‍വിസ് സഹകരണ ബാങ്കിന്‍െറ ശാഖ കടുങ്ങല്ലൂരില്‍ ആരംഭിക്കുന്നതിനുള്ള അനുമതി വൈകുന്നതില്‍ പി.കെ. ബഷീര്‍ എം.എല്‍.എ അമര്‍ഷം അറിയിച്ചു. സഹകരണ ജോയന്‍റ് രജിസ്ട്രാര്‍ ഇക്കാര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. സിവില്‍ സ്റ്റേഷനിലെ റോഡുകളുടെ നവീകരണത്തിന് 50 ലക്ഷത്തിന്‍െറ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായും ചീഫ് എന്‍ജിനീയറുടെ ഭരണാനുമതി ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങുമെന്നും പി.ഡബ്ള്യൂ.ഡി. ബില്‍ഡിങ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷനില്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന്‍െറയും ജില്ലാ ആസൂത്രണ സമുച്ചയത്തിന്‍െറയും കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നിര്‍മിതി കേന്ദ്ര, പി.ഡബ്ള്യൂ.ഡി. ബില്‍ഡിങ്സ് വിഭാഗം എന്നിവക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പൊന്നാനി തീരപ്രദേശത്തിന് 80 മീറ്റര്‍ കടല്‍ഭിത്തി കെട്ടിയതില്‍ മൈലാഞ്ചിക്കടവ് ഭാഗത്ത് 30 മീറ്റര്‍ പൊളിഞ്ഞത് പുനര്‍നിര്‍മിക്കാന്‍ വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. വണ്ടൂര്‍ ടൗണ്‍ നവീകരണത്തിന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ സമര്‍പ്പിച്ച 20 ലക്ഷത്തിന്‍െറ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്ന അടിസ്ഥാനത്തില്‍ പ്രവൃത്തി തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിക്ക് ആവശ്യത്തിന് സ്റ്റാഫ് നഴ്സുമാരില്ളെന്ന് മന്ത്രി എ.പി. അനില്‍കുമാറിന്‍െറ പ്രതിനിധി പരാതി ഉന്നയിച്ചു. നിലവില്‍ ആശുപത്രിയില്‍ മൂന്ന് എന്‍.എച്ച്.എം നഴ്സുമാരുണ്ടെന്നും രണ്ട് ദിവസത്തിനകം ഒരാളെ കൂടി നിയമിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മുഴുവന്‍ വകുപ്പുകളും മാസാന്തപുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചിനകം എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് നല്‍കണമെന്ന് ജില്ലാ പ്ളാനിങ് ഓഫിസര്‍ പറഞ്ഞു. യോഗത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അശ്റഫ് കോക്കൂര്‍, കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ കെ. നാടിക്കുട്ടി, തിരൂര്‍ ആര്‍.ഡി.ഒ ഡോ. ജെ.ഒ. അരുണ്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.