പുലാമന്തോള്‍ ടൗണ്‍ നവീകരണം ഇന്ന് തുടങ്ങും

പുലാമന്തോള്‍: ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവുന്നു. മന്ത്രി മഞ്ഞളാംകുഴി അലിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പുലാമന്തോള്‍ കുന്തിപ്പുഴ പാലം മുതല്‍ ബസ് സ്റ്റാന്‍ഡ് കോംപ്ളക്സ് വരെയുള്ള റോഡാണ് നവീകരിക്കുന്നത്. റോഡരികുകള്‍ ഇടിഞ്ഞുതാഴ്ന്ന് ഗതാഗതം ദുസ്സഹമായതോടെയാണ് പുലാമന്തോള്‍ ടൗണില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായത്. പെരിന്തല്‍മണ്ണ, പട്ടാമ്പി റോഡുകളില്‍ യാത്രക്കാരെ ഇറക്കാനായി ബസുകള്‍ നിര്‍ത്തിയിടുന്നതോടെ മറ്റു വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ കഴിയാത്തതും റോഡരികില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ തോന്നിയപോലെ നിര്‍ത്തിയിടുന്നതും ഗതാഗതകുരുക്ക് രൂക്ഷമാക്കി. ഇടിഞ്ഞുതാഴ്ന്ന റോഡരികുകള്‍ നവീകരിക്കുന്നതോടെ ഒരു പരിധി പ്രശ്നത്തിന് പരിഹാരം കാണാനാകും. പുലാമന്തോള്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് വര്‍ഷം മുമ്പ് ടൗണ്‍ നവീകരണത്തിന് മന്ത്രി മഞ്ഞളാംകുഴി അലി 15 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. ഇതേ സമയത്താണ് കെ.എസ്.ടി.പി.യുടെ സംസ്ഥാന പാതാ നവീകരണ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായത്. ഇതോടെ മന്ത്രിയുടെ പദ്ധതി പിന്‍വലിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ മുതല്‍ പെരുമ്പിലാവുവരെയുള്ള സംസ്ഥാന പാത നവീകരണമെന്ന കെ.എസ്.ടി.പി പദ്ധതി അനിശ്ചിതത്വത്തിലായതോടെയാണ് മന്ത്രി പുലാമന്തോള്‍ ടൗണ്‍ നവീകരണത്തിന് പുതുതായി ഫണ്ട് അനുവദിച്ചത്. ശനിയാഴ്ച വൈകുന്നേരം മുന്നിന് നവീകരണ പ്രവൃത്തി മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് റീന പട്ടമണ്ണ, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. മുഹമ്മദ് ഹനീഫ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.