കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: മുഖ്യപ്രതി അബ്ദുല്‍ നൂറിന് രണ്ടുമാസം തടവ്

തിരൂര്‍: കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല അബ്ദുല്‍ നൂറിന് രണ്ടുമാസം തടവ് ശിക്ഷ. തിരൂര്‍ മുന്‍സിഫ് കോടതിയാണ് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് മൂന്നാഴ്ചയോളമായി കോടതി കസ്റ്റഡിയിലായിരുന്ന അബ്ദുല്‍ നൂറിനെ കണ്ണൂരിലെ സിവില്‍ ജയിലിലേക്ക് മാറ്റി. കേസില്‍ ആദ്യമായാണ് ശിക്ഷയുടെ ഭാഗമായി നൂര്‍ ജയിലിലാകുന്നത്. തുക തിരിച്ചു നല്‍കണമെന്ന വിധി നടപ്പാക്കാത്തതിനാല്‍ നിക്ഷേപകര്‍ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നൂറിന് ജയില്‍വാസം വിധിച്ചത്. കുറ്റിപ്പുറം സ്വദേശി ആയിഷുമ്മു, തിരുവേഗപ്പുറ കൈപ്പുറം എടപ്പയില്‍ മൊയ്തു, എടയൂര്‍ അത്തിപ്പറ്റ സിദ്ദീക്കലി, വളവന്നൂര്‍ ചെറവന്നൂര്‍ ഫൈസല്‍ ബാബു, വളാഞ്ചേരി നടക്കാവ് വടക്കുംപുറം സഹീര്‍ അഹമ്മദ് എന്നിവര്‍ നല്‍കിയ കേസിലാണ് വിധി. സിദ്ദീക്കലി രണ്ട് ലക്ഷവും മറ്റുള്ളവര്‍ ലക്ഷം രൂപ വീതവുമാണ് നൂറിന് നിക്ഷേപമായി നല്‍കിയിരുന്നത്. കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതോടെ ഒളിവില്‍ പോയ നൂറിനെ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനത്തെിയതിനിടെ കോടതി ആമീന്‍ നേരിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വരെയും നൂര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു. ഇരകള്‍ക്ക് തുക തിരിച്ചു നല്‍കാനുള്ള പ്രാപ്തി തനിക്കില്ളെന്നായിരുന്നു കോടതിയില്‍ നൂര്‍ വാദിച്ചത്. തുല്യ തുകക്കുള്ള ആള്‍ ജാമ്യവും സ്വത്ത് ജാമ്യവും നല്‍കാമെന്നും പറഞ്ഞു. എന്നാല്‍, ഇരകള്‍ നൂറിന്‍െറയും ബിനാമികളുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. അതോടെ തുക തിരിച്ചു നല്‍കാനുള്ള പ്രാപ്തിയില്ളെന്ന വാദം മുന്‍സിഫ് ബൈജു തള്ളുകയും തടവ് വിധിക്കുകയുമായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ നൂറിനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. അന്യായക്കാര്‍ക്ക് വേണ്ടി അഡ്വ. ഇസ്മയില്‍ മയ്യേരി, അഡ്വ. ഐ.വി. രതീഷ്, അഡ്വ. സി.ജെ. രൂപ എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.