കൈയേറ്റ ഭൂമിയില്‍ കൃഷിയിറക്കാന്‍ അനുമതി

നിലമ്പൂര്‍: നിലമ്പൂര്‍ നോര്‍ത് ഡിവിഷന്‍ എടവണ്ണ റെയ്ഞ്ച് എടക്കോട് ഫോറസ്റ്റ് സ്റ്റേഷന്‍ നെടുഞ്ചേരി മലവാരത്തില്‍ വനംവകുപ്പ് ഒഴിപ്പിച്ചെടുത്ത ഭൂമിയില്‍ കൈവശക്കാരന് കൃഷിയിറക്കാന്‍ അനുവദിച്ചുള്ള ഹൈകോടതി ഉത്തരവിനെതിരെ വനംവകുപ്പ് അപ്പീലിന് തയാറെടുക്കുന്നു. ഇതിന്‍െറ ഭാഗമായി നോര്‍ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ഡോ. ആടലരശന്‍, അഡ്വ. ജനറലിന് നിര്‍ദേശം അടങ്ങിയ കത്ത് നല്‍കി. ഒഴിപ്പിച്ചെടുത്ത ഭൂമി വനംഭൂമിയാണെന്ന് തെളിയിക്കുന്നതിന് വനംവകുപ്പ് ഹാജരാക്കിയ മുഴുവന്‍ രേഖകളും പരിശോധിക്കണമെന്ന് അഡ്വ. ജനറലിന് നല്‍കിയ നിര്‍ദേശത്തില്‍ വകുപ്പ് ആവശ്യപ്പെടുന്നുണ്ട്. കേസ് തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുമ്പ് എതിര്‍കക്ഷിക്ക് കൈയേറ്റഭൂമിയില്‍ കൃഷിയിറക്കാനുള്ള കോടതി നിര്‍ദേശം കൈയേറ്റക്കാരന് സഹായവും സര്‍ക്കാറിനും വനംവകുപ്പിനും എതിരാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. മമ്പാട് സ്വദേശി കൊച്ചുമുറ്റത്തില്‍ ബെന്നി തോമസും ബന്ധുക്കളുമാണ് എതിര്‍കക്ഷികള്‍. 24 ഏക്കര്‍ ഭൂമിയാണ് തര്‍ക്കത്തിലുള്ളത്. ഹൈകോടതിയിലുള്ള കേസില്‍ ബെന്നിക്കും കുടുംബത്തിനും ഈ തര്‍ക്കഭൂമിയില്‍ കൃഷിയിറക്കാന്‍ കോടതി അനുമതിനല്‍കി. ജഡ്ജി മുഹമ്മദ് മുഷ്താഖാണ് ഉത്തരവിറക്കിയത്. ഈ ഭൂമിയിലെ കൃഷി, വനംവകുപ്പ് തടയരുതെന്നും 2015 നവംബറില്‍ ഇറക്കിയ ഉത്തരവിലുണ്ട്. ഈ ഉത്തരവിനെതിരെയാണ് വനംവകുപ്പ് അപ്പീല്‍ പോവുന്നത്. 2014 ജൂലൈ മാസത്തിലാണ് നെടുഞ്ചേരി മലവാരത്തിലെ കൈയേറ്റഭൂമി അന്നത്തെ ഡി.എഫ്.ഒ കെ. സുനില്‍കുമാറും സംഘവും ഒഴിപ്പിച്ചെടുത്തത്. ഭൂമിയിലുണ്ടായിരുന്ന ആറ് വര്‍ഷത്തോളം പ്രായമായ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് കൈയേറ്റം ഒഴിപ്പിച്ചത്. കേരള ഫോറസ്റ്റ് ആക്ട് പ്രകാരം വനംകൈയേറ്റം, വനാതിര്‍ത്തി മാറ്റി മരങ്ങള്‍ മുറിച്ച് കൃഷി ചെയ്തു എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി വനംവകുപ്പ് കേസെടുത്തിരുന്നു. നെടുഞ്ചീരി മലവാരത്തിലെ നിക്ഷിപ്ത വനത്തില്‍നിന്ന് മരങ്ങള്‍ മുറിച്ചതിന് എടക്കോട് ഫോറസ്റ്റ് സ്റ്റേഷനില്‍ 2013ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്‍െറ അന്വേഷണത്തില്‍ വനഭാഗത്തോട് ചേര്‍ന്ന് ആദിവാസികള്‍ വനഭൂമി കൈവശംവെച്ചുവരുന്നതായി കണ്ടത്തെി. ഇതേതുടര്‍ന്ന് സര്‍വേ നടപടികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. ആദിവാസി ദലിത് ഫ്രണ്ട് എന്ന സംഘടന ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറി കൃഷി ചെയ്യുന്നതായി ഡി.എഫ്.ഒക്ക് പരാതി നല്‍കിയിരുന്നു. ഈ അന്വേഷണത്തില്‍ വനാതിര്‍ത്തി പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ 62 ഏക്കര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ ഉള്‍പ്പെടെ കൈവശംവെച്ചുവരുന്നതായി കണ്ടത്തെി. തുടര്‍ന്നുള്ള സര്‍വേ നടപടിയിലാണ് കൈയേറ്റം കണ്ടത്തെി ഒഴിപ്പിച്ചെടുത്തത്. കൈയേറ്റക്കാരില്‍നിന്ന് തിരിച്ചുപിടിച്ച ഭൂമിക്ക് ചുറ്റും വനംവകുപ്പ് അതിര്‍ത്തി ജണ്ടകള്‍ സ്ഥാപിക്കുകയും കൈയേറ്റം ഒഴിപ്പിച്ച വനഭൂമിയില്‍ അന്യര്‍ക്ക് പ്രവേശം നിഷേധിച്ച് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.