കാവനൂര്‍ നാട്ടുകോടതിയില്‍ നാടിന് ശാന്തി

മലപ്പുറം: സിവില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കാവനൂര്‍ പഞ്ചായത്തില്‍ രൂപവത്കരിച്ച നാട്ടുകോടതിയില്‍ ഇതുവരെ ലഭിച്ച 195ല്‍ 178 പരാതികള്‍ക്ക് പരിഹാരം കണ്ടതായി ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു. 2009 നവംബറിലാണ് നാട്ടുകോടതി പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപവത്കരിച്ച കാവനൂര്‍ വില്ളേജ് ജനകീയ സമിതിയാണ് പിന്നീട് നാട്ടുകോടതിയായി അറിയപ്പെട്ടത്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 10ന് ജനകീയ സമിതി യോഗം ചേരും. ആറുവര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും അവശേഷിക്കുന്ന പരാതികള്‍ പരിഹരിക്കാനുള്ള തയാറെടുപ്പിലാണ് വില്ളേജ് ഓഫിസും പഞ്ചായത്ത് ഭരണസമിതിയും. പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മിക്ക ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കാറുണ്ട്. പരാതിയും അതുമായി ബന്ധപ്പെട്ട ഫയലുകളുമായി വില്ളേജ് ഓഫിസ് ഉദ്യോഗസ്ഥരും ഹാജരുണ്ടാകും. പരാതിക്കാരന്‍ തന്നെ തന്‍െറ ഭാഗം വിശദീകരിക്കും. തുടര്‍ന്ന് എതിര്‍കക്ഷിക്ക് പറയാനുള്ളത് കേള്‍ക്കും. സദസ്സിന് സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനും അവസരമുണ്ട്. പരാതി കിട്ടിയ ഉടനെ വിശദമായ അന്വേഷണം വില്ളേജ് ഉദ്യോഗസ്ഥര്‍ നടത്തുന്നതിനാല്‍ അവരും കാര്യങ്ങള്‍ വിശദീകരിക്കും. ഈ യോഗത്തില്‍ പ്രശ്നം തീര്‍ന്നില്ളെങ്കില്‍ ഉപസമിതിയെ നിശ്ചയിക്കും. സമിതി അടുത്ത മാസത്തെ യോഗത്തിന് മുമ്പ് വീണ്ടും കക്ഷികളെ കണ്ട് സംസാരിക്കും. ഇരുകക്ഷികളും തങ്ങളുടെ തീരുമാനം പറയുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്നതാണ് നാട്ടുകോടതിയുടെ പ്രവര്‍ത്തനം. അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കാവനൂര്‍ ഗ്രാമപഞ്ചായത്ത്. ഈ സംവിധാനം ആരംഭിച്ചത് മുതല്‍ അരീക്കോട് പൊലീസ് സ്റ്റേഷനില്‍ എത്തുന്ന കേസുകളെ വില്ളേജ് ജനകീയ സമിതിയിലേക്ക് അയക്കാറുണ്ട്. കോടതിയില്‍ വര്‍ഷങ്ങളോളം തീര്‍പ്പാകാതെ കിടന്ന കേസുകള്‍ വരെ ജനകീയ സമിതിയില്‍ തീരുമാനമായതിന് ശേഷം കോടതിയില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പുറമെ വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട്, കുടുംബ തര്‍ക്കങ്ങള്‍ എന്നിവയും പരാതിയായി വില്ളേജ് വികസന സമിതി പരിഗണിക്കാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.