വെള്ളമില്ല: ആഢ്യന്‍പാറ വൈദ്യുത പദ്ധതി പ്രവര്‍ത്തനം നിര്‍ത്തി

നിലമ്പൂര്‍: വെള്ളത്തിന്‍െറ ലഭ്യതക്കുറവ് കാരണം ജില്ലയിലെ പ്രഥമ ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തി. 3.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയില്‍ ഒന്നര മെഗാവാട്ടിന്‍െറ രണ്ട് മോട്ടോറുകളും 0.5 മെഗാവാട്ടിന്‍െറ ഒരു മോട്ടോറുമാണ് സ്ഥാപിച്ചിരുന്നത്. കാഞ്ഞിരപ്പുഴയിലെ വെള്ളം പ്രയോജനപ്പെടുത്തി മഴക്കാലത്ത് മാത്രം ഉല്‍പാദനം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണിത്. എന്നാല്‍, വെള്ളത്തിന്‍െറ ലഭ്യതയനുസരിച്ച് വേനലിലും പദ്ധതി പ്രയോജനപ്പെടുത്താനായാണ് 0.5 മെഗാവാട്ടിന്‍െറ മോട്ടോര്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍, ആരംഭത്തില്‍ തന്നെ പുഴയിലെ ജലവിതാനം നന്നേ കുറഞ്ഞു. ചെറിയ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തന്നെ 0.62 ക്യുബിക് മീറ്റര്‍ വെള്ളം ആവശ്യമുണ്ട്. ഇതും കിട്ടാതെ വന്നതോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചത്. നല്ല വേനല്‍മഴ ലഭിച്ചാല്‍ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്ന് പദ്ധതി അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രതിവര്‍ഷം 9.01 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദനമാണ് പദ്ധതി ലക്ഷ്യമിട്ടത്. കഴിഞ്ഞ നാല് മാസം 2.36 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജൂണ്‍, ജൂലൈ മാസത്തില്‍ ഉല്‍പാദനം നടത്താനായിരുന്നില്ല. അതുകൊണ്ടാണ് ശരാശരി വൈദ്യുതി ഉല്‍പാദനത്തില്‍ കുറവുവന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. 2015 സെപ്റ്റംബര്‍ മൂന്നിനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആഢ്യന്‍പാറയിലെ 7.3486 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.