രണ്ടരക്കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: കാറില്‍ കൊണ്ടുവരികയായിരുന്ന 2.6 കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ടുപേരെ പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. കല്‍പകഞ്ചേരി വളവന്നൂര്‍ വരമ്പനാല സ്വദേശി അയ്യേരി വീട്ടില്‍ മുഹമ്മദ്കുട്ടി (40), തിരൂര്‍ ഒഴൂര്‍ അയ്യായ സ്വദേശി എറേച്ചംപറമ്പില്‍ വീട്ടില്‍ യശോദ (52) എന്നിവരാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ രഹസ്യനീക്കത്തിനൊടുവില്‍ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പെരിന്തല്‍മണ്ണയിലെ മനഴി സ്റ്റാന്‍ഡില്‍നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് മധുരയിലെ ഏജന്‍റുമാര്‍ പഴനിയില്‍വെച്ചാണ് പ്രതികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയതെന്നും 16,500 രൂപക്ക് വാങ്ങിയ ഇത് നാട്ടില്‍ ചില്ലറ വില്‍പന നടത്തിയാല്‍ 35,000 രൂപയോളം ലഭിക്കുമെന്നും പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നീല ഇന്‍ഡിക്ക കാറില്‍ തമിഴ്നാട്ടിലെ പെള്ളാച്ചി, ദിണ്ടിഗല്‍, മധുര എന്നിവിടങ്ങളില്‍നിന്ന് തിരൂരിലുള്ള ഒരു സംഘം സ്ഥിരമായി കഞ്ചാവ് കടത്തുന്നുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിരുന്നത്. പ്രതികളെ വടകര എ.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.എം. പ്രദീപ്, മലപ്പുറം എസ്.എസ്.ബി ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.ഐമാരായ എ.എം. സിദ്ദീഖ്, കെ.എം. ബിജു, പ്രത്യേക അന്വേഷണോദ്യോഗസ്ഥരായ എസ്.ഐ സി.എന്‍. സുകുമാരന്‍, മോഹന്‍ദാസ് കരുളായി, സി.പി. മുരളി, പി.എന്‍. മോഹനകൃഷ്ണന്‍, എന്‍.ടി. കൃഷ്ണകുമാര്‍, എന്‍.വി. ഷെബീര്‍, അഷ്റഫ് കൂട്ടില്‍, അഭിലാഷ് കൈപ്പിനി, ദിനേശ് കിഴക്കേക്കര, വിനോജ് കാറല്‍മണ്ണ, ജയമണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.