അങ്ങാടിപ്പുറം പോളി വനിതാ ഹോസ്റ്റല്‍ ജൂണ്‍ മൂന്നിന് തുറക്കാന്‍ ധാരണ

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക് കോളജിലെ വനിതാ ഹോസ്റ്റല്‍ ജൂണ്‍ മൂന്നിന് തുറക്കാന്‍ ധാരണയായി. ബുധനാഴ്ച പ്രിന്‍സിപ്പലും വിദ്യാര്‍ഥി സംഘടനാ നേതാക്കളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ധാരണ. ചര്‍ച്ചക്ക് ശേഷം പി.ടി.എ എക്സിക്യൂട്ടിവ് യോഗം ചേര്‍ന്ന് തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. പി.ടി.എ ഫണ്ട് ഉപയോഗിച്ച് കെട്ടിടത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. രണ്ടുവര്‍ഷം മുമ്പ് മുഖ്യമന്ത്രിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. വനിതാ ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് ഉപകാരപ്പെടുംവിധം നവീകരിച്ച് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച നിരാഹാര സമരം തുടങ്ങിയിരുന്നു. ചുറ്റുമതില്‍ നവീകരിച്ച് താല്‍ക്കാലിക കമ്പിവേലി സ്ഥാപിക്കുക, ആവശ്യമായ സ്റ്റാഫ് നിയമനം നടത്തുക, മുന്‍വശത്ത് ഗ്രില്‍ സ്ഥാപിക്കുക, കുടിവെള്ള സൗകര്യമൊരുക്കുക, സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക, വൈദ്യുതി എത്തിക്കുക എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍. വനിതാ ഹോസ്റ്റല്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ഥിനികള്‍ 3000 മുതല്‍ 6000 രൂപ വരെ വാടക നല്‍കി പുറത്തുള്ള ഹോസ്റ്റലുകളിലാണ് താമസിക്കുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. ഹോസ്റ്റല്‍ കോളജിന് കൈമാറിയിട്ടില്ല –പ്രിന്‍സിപ്പല്‍ പെരിന്തല്‍മണ്ണ: പോളിടെക്നിക്കിലെ വനിതാ ഹോസ്റ്റല്‍ പൊതുമരാമത്ത് വിഭാഗം കോളജിന് ഇതുവരെയും കൈമാറിയിട്ടില്ളെന്ന് പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍. ഹോസ്റ്റലിന്‍െറ സുരക്ഷയും മറ്റും കണക്കിലെടുത്ത് നിലവിലെ സാഹചര്യത്തില്‍ കുട്ടികളെ താമസിപ്പിക്കാന്‍ സാധിക്കില്ല. സിവില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീടാണ് ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനത്തിന് ശേഷം തകര്‍ന്നുവീണ ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. വാച്ച്മാന്‍ കാബിന്‍, ചുറ്റുമതില്‍, കുടിവെള്ള സൗകര്യം എന്നിവ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.