വണ്ടൂര്‍: സയന്‍സ് പാര്‍ക്ക് നിര്‍മാണത്തിന് അഞ്ചു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പാണ് വണ്ടൂര്‍ വി.എം.സി സ്കൂളിന് സമീപത്തെ അഞ്ചേക്കര്‍ ഭൂമിയില്‍ ആധുനിക രീതിയില്‍ സയന്‍സ് പാര്‍ക്ക് നിര്‍മിക്കുന്നത്. ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമാവുന്ന രീതിയില്‍ കോഴിക്കോട് പ്ളാനിറ്റോറിയത്തിന്‍െറ കൂടുതല്‍ മെച്ചപെട്ട രൂപമാണ് വണ്ടൂരില്‍ യാഥാര്‍ഥ്യമാവുക. വെര്‍ച്വല്‍ ഷോയിലൂടെ ശാസ്ത്ര മുന്നേറ്റങ്ങളെ മനസ്സിലാക്കാവുന്ന രീതിയിലുള്ള നിര്‍മാണമാണ് ലക്ഷ്യം വെക്കുന്നത്. വിനോദ, വിജ്ഞാന മേഖലകളെ കൂട്ടിയോജിപ്പിച്ചുള്ള പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം രംഗത്തും മേഖലക്ക് മുതല്‍കൂട്ടാവും. ജില്ലയിലെ സ്കൂളുകളിലെ ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് മാസത്തില്‍ ഒരു തവണയെങ്കിലും പഠന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രത്തില്‍ സൗകര്യമുണ്ടാവും. അന്താരാഷ്ട്ര സെമിനാറുകള്‍ക്കടക്കം ഉപയോഗപെടുത്താവുന്ന രീതിയിലുള്ള ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍, ബഹിരാകാശത്തിന്‍െറ വെര്‍ച്വല്‍ ഷോ, വിനോദങ്ങള്‍ക്കായുള്ള വിശാലമായ ഇടങ്ങള്‍ എന്നിവ പാര്‍ക്കിലുണ്ടാവും. വി.എം.സി സ്കൂളിനു സമീപത്തെ സ്ഥലത്തെ മരങ്ങളും ഭൂമി ശാസ്ത്ര പരമായ ചെരിവുകളുമെല്ലാം നില നിര്‍ത്തി പൂര്‍ണമായും പരിസ്ഥിതി സൗഹൃദത്തോടെയായിരിക്കും പാര്‍ക്ക് നിര്‍മിക്കുകയെന്ന് ഡി.ടി.പി.സി സെക്രട്ടറി ഉമ്മര്‍കോയ പറഞ്ഞു. ഈ വര്‍ഷം തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.