മാരക രാസവസ്തു ചേര്‍ത്ത ചായപ്പൊടി വില്‍പന: സാമ്പിള്‍ പരിശോധനക്കയച്ചു

പാലക്കാട്: നൂറണി പട്ടാണിത്തെരുവിലെ വ്യാജ ചായപ്പൊടി നിര്‍മാണ കേന്ദ്രത്തില്‍നിന്ന് ശേഖരിച്ച മൂന്ന് സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് വിദഗ്ധ പരിശോധനക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ പിടിയിലായ പാലക്കാട് നൂറണി ജമീല്‍ മന്‍സിലില്‍ മുഹമ്മദ് ഇഖ്ബാലിനെ (42) പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി-മൂന്ന് മുമ്പാകെ ഹാജരാക്കി. പ്രതിയെ കോടതി ജാമ്യത്തില്‍ വിട്ടു. കടുപ്പം കുറഞ്ഞതും ഗുണമേന്മയില്ലാത്തതുമായ തേയില വാങ്ങി കാന്‍സറിന് പോലും കാരണമാവുന്ന രാസവസ്തു ചേര്‍ത്താണ് ഇയാള്‍ വിപണിയില്‍ എത്തിച്ചിരുന്നത്. തേയിലയില്‍ സണ്‍സെറ്റ് എല്ളോ, കാര്‍മോയിസിന്‍, കാര്‍ട്രാസിന്‍, ബ്രില്ല്യന്‍റ് ബ്ളൂ, ഇന്‍ഡിഗോ കാരമൈന്‍ തുടങ്ങിയ പദാര്‍ഥങ്ങളാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ച്ചയായി കഴിച്ചാല്‍ ലൈംഗിക ശേഷിക്കുറവ്, ലിവര്‍ സിറോസിസ്, നാഡീ രോഗങ്ങള്‍ തുടങ്ങിയവക്ക് സാധ്യതയുള്ള രാസപദാര്‍ഥങ്ങളാണിവ. അമൃത, മയൂരി എന്നീ പേരുകളില്‍ കിലോക്ക് 220 രൂപ വിലയിട്ട് 130 രൂപക്കാണ് ഇവ വിറ്റിരുന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും മാത്രമായിരുന്നു വിതരണം. 50 രൂപയില്‍ താഴെ മാത്രമായിരുന്നു ഉല്‍പാദന ചെലവ്. വിലക്കുറവും ഇരട്ടി കടുപ്പവുമുള്ള ചായ ലഭിക്കുന്നതിനാല്‍ ചെറുകിട ഹോട്ടലുകാര്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലക്കാട് നിന്ന് ചാക്കുകളിലാക്കി തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ എത്തിച്ചാണ് വിതരണം ചെയ്തിരുന്നത്. കൊച്ചിയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് തേയില എത്തിച്ചിരുന്നത്. ഒരു കിലോയുടെ കവറിലും 50 കിലോയുടെ ചാക്കിലുമാക്കിയ തേയില, രാസവസ്തു ചേര്‍ക്കാന്‍ കണ്ടെയ്നറിലാക്കിയ തേയില എന്നിവയുടെ സാമ്പിളാണ് പരിശോധനക്കയച്ചത്. ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.