ഭൂമിയേറ്റെടുക്കല്‍ വീണ്ടും അനിശ്ചിതത്വത്തിലേക്ക്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലേക്ക്. ഭൂമി വിട്ടുതരാനാകില്ളെന്ന് അറിയിച്ച് കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതി ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് കത്ത് നല്‍കിയതാണ് ഏറ്റെടുക്കല്‍ നടപടികളെ വീണ്ടും ബാധിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഈയിടെ വേഗത്തിലാക്കിയെങ്കിലും കൂടുതല്‍ പ്രതിഷേധമുയര്‍ന്നത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. സ്പെഷല്‍ ഓഫിസര്‍ എം.സി. മോഹന്‍ദാസ് ഒരു മാസം മുമ്പ് മലപ്പുറം കലക്ടറേറ്റില്‍ വിളിച്ച യോഗത്തിന്‍െറ അടിസ്ഥാനത്തില്‍ സമരസമിതി കൊണ്ടോട്ടി, പള്ളിക്കല്‍, നെടിയിരുപ്പ് വില്ളേജുകളില്‍ കണ്‍വെന്‍ഷന്‍ വിളിച്ചിരുന്നു. ഇതിന് മുന്നോടിയായി ഏറ്റെടുക്കാനുളള സ്ഥലങ്ങളുടെ സര്‍വേ നമ്പറുകളും സ്കെച്ചും റവന്യൂ വകുപ്പ് സമരസമിതിക്ക് കൈമാറി. കണ്‍വെന്‍ഷന്‍ തീരുമാനം അറിയിക്കാന്‍ കഴിഞ്ഞദിവസം അധികൃതര്‍ സമരസമിതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഭൂമി വിട്ടുതരാനാകില്ളെന്ന പ്രദേശവാസികളുടെ തീരുമാനം ചൊവ്വാഴ്ച ഒൗദ്യോഗികമായി സര്‍ക്കാറിനെ അറിയിച്ചത്. വ്യാഴാഴ്ച ഡെപ്യൂട്ടി കലക്ടര്‍ വിളിച്ച യോഗത്തിലും പുരോഗതിയൊന്നുമുണ്ടായിട്ടില്ല. രണ്ടുമാസം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ച യോഗത്തില്‍ ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പറും സ്കെച്ചും കൈമാറണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികള്‍ അംഗീകരിക്കുകയാണെങ്കില്‍ തങ്ങളും അനുകൂലനിലപാട് സ്വീകരിക്കുമെന്നായിരുന്നു വിമാനത്താവള കുടിയൊഴിപ്പിക്കല്‍ പ്രതിരോധസമിതി പ്രതിനിധികള്‍ അന്ന് മുഖ്യമന്ത്രിയെ അറിയിച്ചത്. റവന്യൂ വകുപ്പില്‍നിന്ന് ലഭിച്ച സര്‍വേ നമ്പര്‍ പ്രകാരം ആയിരത്തോളം പേരെ ഏറ്റെടുക്കല്‍ ബാധിക്കുമെന്ന് സമരസമിതി പറയുന്നു. ഇവരെയെല്ലാം ഉള്‍പ്പെടുത്തിയാണ് സമരസമിതി താലൂക്കടിസ്ഥാനത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചത്. 2860 മീറ്ററുള്ള റണ്‍വേ 3627 മീറ്ററായി വികസിപ്പിക്കാന്‍ 213 ഏക്കറും ഐസലേഷന്‍ ബേക്ക് 14.5 ഏക്കറും അപ്രോച്ച് ലൈറ്റ് സിസ്റ്റത്തിന് 20.8 ഏക്കറും ടെര്‍മിനലിന് 132 ഏക്കറുമാണ് ആവശ്യമുള്ളത്. കൂടാതെ, ഇരകളെ പുനരധിവസിപ്പിക്കാന്‍ 100 ഏക്കര്‍ ഏറ്റെടുക്കേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.