കഞ്ചാവ് മാഫിയക്കെതിരെ നാടുണരുന്നു

കൊളത്തൂര്‍: വിദ്യാര്‍ഥികളെ വല വീശിപ്പിടിച്ച് കൊളത്തൂരിലും പരിസരത്തും വളര്‍ന്ന് പന്തലിച്ച കഞ്ചാവ് മാഫിയക്കെതിരെ നാടുണര്‍ന്നു. വിവിധ കോണുകളില്‍നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഞ്ചാവ് മാഫിയയെ തുരത്തി വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ ജാഗ്രതാ സമിതി രൂപവത്കരിച്ചു. പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, അധ്യാപകര്‍, വ്യാപാരികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സാമൂഹിക വിപത്തിനെതിരെ അണിനിരക്കുന്നത്. മാഫിയയുടെ വലയില്‍ അകപ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജാഗ്രതാ സമിതി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സമിതിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം കൊളത്തൂരിലും സമീപ പ്രദേശങ്ങളിലും ബോധവത്കരണ പൊതുയോഗങ്ങള്‍ നടത്തും. മയക്കുമരുന്നിലേക്ക് കുട്ടികള്‍ ആകൃഷ്ടരാകുന്നത് തടയാന്‍ വീടുതോറും ലഘുലേഖ വിതരണം ചെയ്യും. കൊളത്തൂര്‍ ടൗണില്‍ എക്സൈസ് അധികൃതരുടേയും ജാഗ്രതാ സമിതിയുടേയും നേതൃത്വത്തില്‍ പരാതിപ്പെട്ടി സ്ഥാപിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയവ വില്‍പ്പന നടത്തുന്നില്ളെന്ന് ഉറപ്പ് വരുത്തും. ഇതിനായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായം ഉറപ്പുവരുത്തും. കടകളില്‍ മുന്നറിയിപ്പ് നോട്ടീസ് പതിക്കും. പൊലീസ്, എക്സൈസ് എന്നിവയുടെ പരിശോധന കര്‍ശനമാക്കാനും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗം പെരിന്തല്‍മണ്ണ എക്സൈസ് സി.ഐ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. അഡീഷനല്‍ എസ്.ഐ കെ. രാജേന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. നിസാര്‍, എച്ച്.ഐ കെ. അസൈനാര്‍, പി. നിയാസ് ബാബു, കേരളാ മദ്യനിരോധന സമിതി യൂനിറ്റ് പ്രസിഡന്‍റ് എം. വിജയലക്ഷ്മി, എന്‍.എച്ച്.എസ് പി.ടി.എ വൈസ് പ്രസിഡന്‍റ് കെ.ടി.എ. നാസര്‍, എന്‍.എല്‍.പി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് പി.പി.എ. നാസര്‍, കൊളത്തൂര്‍ മണികണ്ഠന്‍, ഷഫീഖ്, കല്ലിങ്ങല്‍ ഉണ്ണികൃഷ്ണന്‍, സൈനാസ് നാണി, വന്ദന ഉണ്ണി, തമ്പി കൊളത്തൂര്‍, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഐവ ഷബീര്‍ ചെയര്‍മാനും പി.പി.എ. നാസര്‍ കണ്‍വീനറുമായി ജാഗ്രതാ സമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.