വണ്ടൂര്‍ വി.എം.സി സ്കൂളില്‍ കുട്ടികള്‍ക്ക് ശൗചാലയമില്ല

വണ്ടൂര്‍: വി.എം.സി സ്കൂളിലെ പാഠ്യപാഠ്യേതര വിഷയങ്ങളിലെ മികവ് ശൗചാലയ സൗകര്യങ്ങളുടെ കാര്യത്തില്‍ വട്ടപ്പൂജ്യം. പ്രശ്നത്തെ കുറിച്ച് ജില്ലാ പഞ്ചായത്ത്, ഡി.ഡി.ഇ, ഡി.ഇ.ഒ, ഡി.എം.ഒ തുടങ്ങിയവര്‍ക്ക് ആരോഗ്യ വകുപ്പ് പരാതി നല്‍കി. 40 ആണ്‍കുട്ടികള്‍ക്കും 25 പെണ്‍കുട്ടികള്‍ക്കും ഓരോ മൂത്രപ്പുര എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, സ്കൂളില്‍ 500 കുട്ടികള്‍ക്ക് പോലും ഒരു മൂത്രപ്പുര കാണാന്‍ കഴിയില്ല. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 1648 കുട്ടികള്‍ പഠിക്കുന്നു. ഇതില്‍ യു.പി വിഭാഗം പെണ്‍കുട്ടികള്‍ക്കുള്ളത് ആറെണ്ണം. ഇവിടെ വെള്ളവും നന്നേ കുറവ്. ആണ്‍കുട്ടികളുടെ ആശ്രയം സ്കൂളിന് സമീപത്തെ മരച്ചുവടുകളും ഒരു കിലോമീറ്റര്‍ ദൂരെ വണ്ടൂര്‍ അങ്ങാടി ബസ്സ്റ്റാന്‍ഡിലെ പൊതുശൗചാലയങ്ങളുമാണ്. സ്കൂളിന് സമീപം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 10ഓളം മൂത്രപ്പുരകള്‍ പൊളിഞ്ഞ് കിടക്കുകയാണ്. വാതിലുകളും പൈപ്പുകളും തകര്‍ന്നുകിടക്കുന്നു. വേനല്‍ കടുത്തതോടെ വെള്ളവും ഇല്ല. വണ്ടൂരില്‍ നടക്കുന്ന പൈതൃകോത്സവത്തിന് വെള്ളം എടുത്തത് സ്കൂള്‍ കിണറില്‍ നിന്നായതിനാലാണ് പെട്ടെന്ന് ജലക്ഷാമം വരാന്‍ കാരണമെന്നാണ് ആക്ഷേപം. എന്നാല്‍, സ്കൂളിന് ചുറ്റുമതില്‍ ഇല്ലാത്തതിനാലാണ് മൂത്രപ്പുരകള്‍ സാമൂഹികവിരുദ്ധരും കുട്ടികളും നശിപ്പിച്ചതെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും പി.ടി.എ പ്രസിഡന്‍റ് എ.കെ. ഷിഹാബുദ്ദീന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.