കാരത്തൂര്‍ കൈനിക്കര റോഡിന് പുതിയ പേര്; ജനത്തിന് വിസ്മയം

കാരത്തൂര്‍: നവീകരണം നടന്നുകൊണ്ടിരിക്കുന്ന കാരത്തൂര്‍ -കൈനിക്കര -പാറയില്‍ റോഡില്‍ പുതിയ പേരില്‍ മലപ്പുറം പി.ഐ.യു. എക്സിക്യൂട്ടീവ് എന്‍ജിനീയരുടെ പേരില്‍ സ്ഥാപിച്ച ബോര്‍ഡ് നാട്ടുകാര്‍ക്ക് വിസ്മയമാകുന്നു. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി എന്ന തലക്കെട്ടിലുള്ളബോര്‍ഡില്‍ കാരത്തൂര്‍ -പുല്ലാര്‍ റോഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുല്ലാര്‍ എന്ന ഒരു സ്ഥലം ഈ ഭാഗത്തൊന്നും ആരുടെ അറിവിലുമില്ല. പഴമക്കാര്‍ക്കും അത്തരമൊരു പേര് കേട്ടതായി ഓര്‍മ്മയില്ല. ഈ റോഡിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2016 ജനുവരി ഒന്നിനാണ് തുടങ്ങിയത്. എന്നാല്‍ 1,66,67,525 രൂപ അടങ്കല്‍ ചെലവ് കണക്കാക്കുന്ന റോഡ് പണി തുടങ്ങിയത് 1-8-2015 നാണെന്നാണ് പുതിയ ബോര്‍ഡിലുള്ളത്. 1899 മീറ്റര്‍ നീളം വരുന്ന റോഡ് ടാര്‍ ചെയ്യുന്നതിനാവശ്യമായ സാധന സാമഗ്രികളുടെ കണക്കുകളും ബോര്‍ഡില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അതേസമയം റോഡ് പണി തുടങ്ങിയ ഉടനെ കൈനിക്കര യൂനിറ്റ് മുസ്ലിം യൂത്ത് ലീഗ് സ്ഥാപിച്ച ബോര്‍ഡില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ റബ്ബറൈസ്ഡ് ചെയ്യുന്ന കാരത്തൂര്‍ -കൈനിക്കര പാറയില്‍ റോഡിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് 1.80 കോടി അനുവദിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ ബോര്‍ഡില്‍ പറയും പ്രകാരം റോഡ് ടാര്‍ ചെയ്യാനാണെങ്കില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുമ്പ് ടാര്‍ ചെയ്തതും കേടുപാടുകള്‍ ഇല്ലാത്തതുമായ റോഡ് കൊത്തിപ്പൊളിച്ചതെന്താണെന്ന സംശയവും ഉയരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.