മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം എതിര്‍പ്പുകള്‍ അടങ്ങുന്നില്ല

മഞ്ചേരി: പാണ്ടിക്കാട് റോഡിലെ പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന മലപ്പുറം, പെരിന്തല്‍മണ്ണ ബസുകള്‍ നാല് കിലോമീറ്ററിലേറെ ചുറ്റി ബൈപാസ് വഴി പോവണമെന്ന ഗതാഗതക്രമീകരണത്തിനെതിരെ പ്രതിഷേധമുയരുന്നു. കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡ്-സീതിഹാജി സ്മാരക ബസ്റ്റാന്‍ഡ് എന്നിവക്കിടയില്‍ ഒന്നര കിലോമീറ്റര്‍ ഭാഗത്തെ പൊതുസ്ഥാപനങ്ങളായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, വിവിധ കോടതികള്‍ എന്നിവയിലേക്ക് ജനങ്ങള്‍ എത്താന്‍ ഏറെ ആശ്രയിക്കുന്ന മാര്‍ഗമാണ് പുതിയ തീരുമാനത്തോടെ അടയുന്നത്. പാണ്ടിക്കാട് റോഡിലെ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന മലപ്പുറം, പെരിന്തല്‍മണ്ണ ബസുകള്‍ ബൈപാസിലൂടെ മേലാക്കം, തുറക്കല്‍ ജങ്ഷന്‍ വഴി കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡില്‍ എത്തി സര്‍വിസ് തുടരണമെന്നാണ് ട്രാഫിക് പൊലീസ് നിര്‍ദേശം. ഈ ബസുകള്‍ ഇപ്പോള്‍ പോകുന്നത് മലപ്പുറം റോഡിലൂടെയാണ്. അത് തുടരണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലമ്പൂര്‍, വണ്ടൂര്‍ പാണ്ടിക്കാട് എന്നിവിടങ്ങളില്‍നിന്ന് മഞ്ചേരിയിലൂടെ കടന്നുപോകുന്ന ബസുകള്‍ നഗരത്തില്‍ പ്രവേശിക്കില്ല. ഇതുകാരണം ഇപ്പോഴുള്ളതിന്‍െറ പകുതിയിലേറെ തിരക്ക് കുറയുമെന്നതിനാല്‍ മഞ്ചേരിയില്‍നിന്ന് പുറപ്പെടുന്ന ഈ ഭാഗത്തേക്കുള്ള ബസുകള്‍ മലപ്പുറം റോഡിലൂടെ പോവാന്‍ അനുവദിക്കാത്തത് പൊലീസിന്‍െറ പക്ഷപാതിത്വ സമീപനമാണെന്നാണ് പരാതി. അതേസമയം, ഇതിന് മഞ്ചേരി ട്രാഫിക് പൊലീസ് യൂനിറ്റ് നല്‍കുന്ന വിശദീകരണം, ഈ സൗകര്യം മഞ്ചേരിയിലൂടെ മറ്റു സ്ഥലങ്ങളിലേക്ക് കടന്നുപോവുന്ന ബസുകളും ആവശ്യപ്പെടുമെന്നാണ്. കച്ചേരിപ്പടിയില്‍ പുതിയ ബസ്സ്റ്റാന്‍ഡ് വന്നതോടെയാണ് അടിക്കടി ഗതാഗത പരിഷ്കരണം നടപ്പാക്കുന്നത്. ജനങ്ങളുടെ പരാതികളേക്കാള്‍ മറ്റു താല്‍പര്യങ്ങള്‍ നിഴലിക്കുന്നതിനാല്‍ പലതും മുടങ്ങുകയാണ്. നിയമനടപടി സ്വീകരിക്കും വ്യാപാരികള്‍ മഞ്ചേരി: യാത്രക്കാരെയും ബസുടമകളെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്ന ട്രാഫിക് പൊലീസ് നിര്‍ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനത്തിന് എതിരായിട്ടുള്ളതാണ് പുതിയ നിര്‍ദേശം. ജനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളോടോ മറ്റോ ആലോചിക്കാതെ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായാണ് നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് ഹൈകോടതിയില്‍ കേസുണ്ട്. ഇത് തീര്‍പ്പാക്കിയിട്ടില്ളെന്നും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എം.പി. ഹമീദ് കുരിക്കള്‍, കെ. നിവില്‍ ഇബ്രാഹീം, പി. സക്കീര്‍ ഹുസൈന്‍, അബ്ദുറഹ്മാന്‍ ഇറയത്തന്‍, ഗദ്ദാഫി കോര്‍മത്ത്, ഒ. അഹമ്മദലി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. പ്രതിഷേധ പ്രകടനം മഞ്ചേരി: ജനങ്ങളെ വലക്കുന്ന ഗതാഗതക്രമീകരണത്തില്‍നിന്ന് പൊലീസും ബന്ധപ്പെട്ടവരും പിന്‍വാങ്ങണമെന്നും ബസുകള്‍ ബൈപാസ് ചുറ്റി കടന്നുപോവുകയെന്നത് പ്രായോഗികമല്ളെന്നും ചൂണ്ടിക്കാട്ടി വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. ബാബു കാരശ്ശേരി, ഇ.കെ.എം. ഹനീഫ ഹാജി, നാസര്‍, ഇ.കെ. മൊയ്തീന്‍കുട്ടി, കെ. ജബ്ബാര്‍, പി.വി.എം. ഷാഫി, ഉബൈദ്, ടി.എം. ഷിഹാബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.