മലപ്പുറം: പല്ല് പറിക്കലും അടയ്ക്കലും കുറഞ്ഞ ചെലവില്‍ ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്താം. മലപ്പുറം ഗവ. താലൂക്കാശുപത്രിയില്‍ നവീകരിച്ച ഡെന്‍റല്‍ ക്ളിനിക് ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഒരു സ്ഥിരം ഡോക്ടറും ഒരു താല്‍ക്കാലിക ഡോക്ടറും ഡെന്‍റല്‍ ക്ളിനിക്കിലുണ്ടാകും. ഒരാഴ്ചക്കകം കോസ്മറ്റോളജി ക്ളിനിക്കും ആരംഭിക്കും. രണ്ട് വിഭാഗത്തിലും ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധന മാത്രമാണ് നടന്നിരുന്നത്. തുടര്‍ന്ന് ജനകീയ പങ്കാളിത്തത്തോടെ സംവിധാനങ്ങള്‍ ഒരുക്കുകയായിരുന്നു. പല്ല് പറിക്കല്‍, അടയ്ക്കല്‍ എന്നിവയാണ് ഡെന്‍റല്‍ ക്ളിനിക്കിലെ പ്രധാന ചികിത്സകള്‍. ഇവക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജന്‍ പറഞ്ഞു. റോഡിയോ ഫ്രീക്കന്‍സി, ഇലക്ട്രോ കോട്ടറി, ബയോപ്സി, പീലിങ്, സ്കാര്‍ റിവിഷന്‍, കാക്കാപുള്ളി നീക്കല്‍, വെള്ളപ്പാണ്ട് ശസ്ത്രക്രിയ, മുടിവളര്‍ത്തല്‍ എന്നീ സേവനങ്ങള്‍ കോസ്മറ്റോളജി വിഭാഗത്തില്‍ ലഭ്യമാകും. നിലവില്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ കോസ്മറ്റോളജി യൂനിറ്റുള്ളത്. ഡെന്‍റല്‍, കോസ്മറ്റോളജി വിഭാഗങ്ങളുടെ മാതൃകയില്‍ ഓര്‍ത്തോ വിഭാഗവും വിപുലീകരിക്കും. ഇതിനായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്ഥലം വിട്ടുകിട്ടാന്‍ നീക്കം നടത്തിവരികയാണ്. ആശുപത്രിയില്‍ ഗൈനക് വിഭാഗത്തില്‍ നിലവിലുള്ള രണ്ട് ഡോക്ടര്‍മാരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാക്കുമെന്നും സൂപ്രണ്ട് ഡോ. അജേഷ് രാജന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.