ആറ് പഞ്ചായത്തുകള്‍ പദ്ധതി പൂര്‍ത്തീകരിച്ചു: സമ്പൂര്‍ണ ശൗചാലയ ജില്ലയാകാന്‍ മലപ്പുറം

മലപ്പുറം: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ശൗചാലയ ജില്ലയാകാന്‍ മലപ്പുറം ഒരുങ്ങുന്നു. സെപ്റ്റംബര്‍ 30നകം എല്ലാ വീടുകളിലും ശൗചാലയം ഉറപ്പാക്കാനുള്ള നടപടി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ശുചിത്വമിഷന്‍ കണക്കുപ്രകാരം ജില്ലയില്‍ ശൗചാലയങ്ങളില്ലാത്ത 13262 വീടുകളുണ്ട്. ഇതില്‍ 2166 എണ്ണം പൂര്‍ത്തീകരിച്ചു. 9464 എണ്ണത്തിന് ടെന്‍ഡറായി. 3798 എണ്ണത്തിന് ടെന്‍ഡര്‍ നടപടി നടന്നുവരുന്നു. 11096 ശൗചാലയങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത്. വളവന്നൂര്‍, പൊന്‍മുണ്ടം, എടക്കര, ഒതുക്കുങ്ങല്‍, കോഡൂര്‍, കല്‍പകഞ്ചേരി പഞ്ചായത്തുകള്‍ ഇതിനകം പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം, തലക്കാട്, മെറയൂര്‍, പെരുമണ്ണ ക്ളാരി, അങ്ങാടിപ്പുറം, വട്ടംകുളം, വേങ്ങര, വാഴക്കാട്, പൂക്കോട്ടൂര്‍, തെന്നല, താനാളൂര്‍, എടരിക്കോട്, ആനക്കയം, പോരൂര്‍, ഊരകം, എടപ്പാള്‍, കണ്ണമംഗലം, എ.ആര്‍.നഗര്‍ പഞ്ചായത്തുകള്‍ ആഗസ്റ്റ് അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കും. സെപ്റ്റംബറോടെ ബാക്കി പഞ്ചായത്തുകളും ലക്ഷ്യം പൂര്‍ത്തീകരിക്കും വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച മലപ്പുറത്ത് മന്ത്രി കെ.ടി. ജലീലിന്‍െറ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗം ചേര്‍ന്നു. 88 ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 15നകം എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മണ്ഡലതല അവലോകനം നടത്തും. കേന്ദ്ര വിഹിതമായ 7200 രൂപ, സംസ്ഥാന വിഹിതമായ 4800 പഞ്ചായത്ത് വിഹിതമായ 3400 എന്നിവ അടക്കം മൊത്തം 15400 ആണ് ഒരുശൗചാലയത്തിന് ലഭിക്കുക. തീരദേശ, ട്രൈബല്‍ മേഖലകളിലെ ചില ഇടങ്ങളെ ദുര്‍ഘട പട്ടികയില്‍ ഉള്‍പ്പെടുത്തി 10000 രൂപ കൂടുതല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്‍െറ ഉത്തരവ് ഇറങ്ങാത്തത് ഫണ്ട് ചെലവഴിക്കുന്നതില്‍ പ്രയാസം തീര്‍ക്കുന്നതായി ചിലര്‍ യോഗത്തില്‍ ഉന്നയിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിന് സന്നദ്ധ സംഘടനകളുടെ സഹായം തേടാമെന്ന് മന്ത്രി വ്യക്തമാക്കി. നിര്‍മാണ വസ്തുക്കള്‍ എത്തിക്കാന്‍ പ്രയാസമുള്ള ഇടങ്ങളില്‍ റെഡിമെയ്ഡ് ചുമരും മേല്‍ക്കൂരയും പരീക്ഷിക്കാനും ധാരണയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, എ.ഡി.എ പി. സെയ്ദലി, ഡെപ്യൂട്ടി കലക്ടര്‍ പി.വി. പുരുഷോത്തമന്‍, ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ടി.പി. ഹൈദറലി, പ്രോജക്റ്റ് ഡയറക്ടര്‍ പി.സി. ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.