കുറ്റിപ്പുറം: കോളറ വിഷയവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി പ്രതിക്കൂട്ടിലാകും. മാലിന്യം നീക്കേണ്ട ചുമതല സെക്രട്ടറിക്കായതിനാലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന കേസില്‍ സെക്രട്ടറിയെ വിസ്തരിക്കുക. കഴിഞ്ഞ ആഴ്ച നടന്ന സിറ്റിങ്ങില്‍ സെക്രട്ടറിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്ലാതെ എത്തിയ സെക്രട്ടറിയെ കൊണ്ട് കോടതിയില്‍ വെച്ച് റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചാണ് കേസ് വിസ്താരം നടന്നത്. മനുഷ്യവകാശ കമീഷനില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടും പത്രങ്ങളില്‍ വന്ന വാര്‍ത്തകളും അടിസ്ഥാനമാക്കി സബ് കലക്ടര്‍ സ്വമേധയാ എടുത്ത കേസിലാണ് സെപ്റ്റംബര്‍ ഒന്നിന് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് നേരിട്ടോ വക്കീല്‍ മുഖേനയോ സെക്രട്ടറിക്ക് കോടതിയെ ബോധ്യപ്പെടുത്താം. അന്വേഷണ കമീഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന് എതിരായി സത്യവാങ്മൂലം സമര്‍പ്പിക്കാനും അവസരം ലഭിക്കും. നിലവില്‍ മാലിന്യം നീക്കാത്ത സ്ഥിതിക്ക് കോടതി വിധി സെക്രട്ടറിക്ക് എതിരാകാനാണ് സാധ്യത. നിശ്ചിത സമയത്തിനകം കോളറ ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ച അഴുക്ക് ചാലുകളടക്കം ശുചീകരിച്ചില്ളെങ്കില്‍ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കും. സബ് കലക്ടര്‍ നിയോഗിച്ച കമീഷന്‍ വെള്ളിയാഴ്ച വൈകീട്ടോടെ കുറ്റിപ്പുറത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഭരണ സമിതി നിര്‍ദേശിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സെക്രട്ടറി തടസം നില്‍ക്കുന്നുവെന്നാണ് ഭരണ സമിതിയുടെ ആരോപണം. എന്നാല്‍ ഭരണ സമിതി ശുചീകരണത്തിനായി ഒന്നും ചെയ്യുന്നില്ളെന്നാണ് മറിച്ചുള്ള പരാതി. സെക്രട്ടറി ലൈസന്‍സ് റദ്ദാക്കിയ രണ്ട് ഹോട്ടലുകള്‍ക്ക് ഇതിനകം ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഭരണസമിതി അനുമതി നല്‍കിയിരുന്നു. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് തുടര്‍ നടപടികളുണ്ടാകുമെന്ന് സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.