ചീനിത്തോട് പാട്ടക്കരാര്‍: ഒപ്പിട്ടത് ഹൈകോടതിയില്‍ കേസ് നിലനില്‍ക്കെ

കൊണ്ടോട്ടി: ഖാസിയാരകം ചീനിത്തോട് സ്വകാര്യവ്യക്തിക്ക് പഞ്ചായത്ത് മുന്‍ ഭരണസമിതി പാട്ടത്തിന് നല്‍കിയത് ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെ. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം ഈ പാട്ടക്കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി വിവിധ കക്ഷിനേതാക്കളുടെയും സ്ഥിരംസമിതി അധ്യക്ഷരുടെയും യോഗം ചേരാനിരിക്കുന്നതിനിടെയാണ് ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്ന വാര്‍ത്ത പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉപസമിതി യോഗത്തില്‍ സമര്‍പ്പിക്കുമെന്ന് കൗണ്‍സിലര്‍ അബ്ദുല്‍ ഹക്കീം പറഞ്ഞു. 2013 ജനുവരി 25ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം തോടിന് മുകളിലായി 68 മീറ്റര്‍ നീളത്തിലും 1.80 മീറ്റര്‍ വീതിയിലുമായി സ്ളാബിട്ടിരുന്നു. വിവിധയിടങ്ങളില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന് കലക്ടര്‍ സ്ളാബ് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിരുന്നു. പെരിന്തല്‍മണ്ണ സബ് കലക്ടറുടെയും ഏറനാട് അഡീഷനല്‍ തഹസില്‍ദാറുടെയും റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് സ്ളാബ് പൊളിച്ചുമാറ്റാന്‍ 2014 ജൂലൈ ഒമ്പതിന് കലക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ തോടിന് സമീപമുള്ള സ്ഥലത്തിന്‍െറ ഉടമ ഹൈകോടതിയെ സമീപിച്ചിരുന്നു. കേസില്‍ 2014 ഒക്ടോബര്‍ 23നാണ് കോടതി അവസാനമായി വാദം കേട്ടത്. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് 2015 ജൂണ്‍ എട്ടിന് കൊണ്ടോട്ടി ഗ്രാമപഞ്ചായത്തും സ്വകാര്യവ്യക്തിയും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. പഞ്ചായത്ത് യോഗതീരുമാനം അറിയിച്ചുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിന്‍െറ അടിസ്ഥാനത്തിലാണ് പാട്ടത്തിന് നല്‍കാന്‍ കഴിഞ്ഞ വര്‍ഷം മേയ് 29ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.