തിരൂര്‍–മഞ്ചേരി പാതയില്‍ യാത്ര ദുരിതം കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ താളംതെറ്റി

മലപ്പുറം: ഒരിടവേളക്ക് ശേഷം വീണ്ടും മലപ്പുറം-മഞ്ചേരി കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ താളം തെറ്റുന്നു. മലപ്പുറം ഡിപ്പോക്ക് കീഴിലുള്ള സര്‍വിസുകളാണ് സമയം പാലിക്കാതെ ഓടുന്നത്. മലപ്പുറത്ത് ഡിപ്പോ നവീകരണം നടക്കുന്നതിനാല്‍ ഡീസല്‍ നിറക്കാനുള്ള സംവിധാനമില്ലാത്തതാണ് താളം തെറ്റലിന് കാരണം. നിലമ്പൂര്‍, പൊന്നാനി ഡിപ്പോകളിലത്തെിയാണ് ബസുകള്‍ ഇന്ധനം നിറക്കുന്നത്. സര്‍വിസുകളുടെ സമയക്രമം തെറ്റിയതോടെ, ഏറെ തിരക്കുള്ള രാവിലെയും വൈകീട്ടും യാത്രക്കാര്‍ ക്ളേശിച്ചാണ് യാത്ര ചെയ്യുന്നത്. അതേസമയം, യാത്രക്കാര്‍ കുറവുള്ള ഉച്ചക്ക് മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ വരെ ഒരേസമയം സ്റ്റാന്‍ഡിലുണ്ടാകുമെന്ന് യാത്രക്കാര്‍ പറയുന്നു. നിരവധി തവണ യാത്രക്കാര്‍ ഡിപ്പോയില്‍ പരാതി പറഞ്ഞിരുന്നെങ്കിലും പ്രശ്നം അവസാനിപ്പിക്കാന്‍ കഴിയാതെ അധികൃതരും കൈമലര്‍ത്തുകയാണ്. രണ്ടുമണിക്കൂറോളം സമയമെടുത്താണ് പല ബസുകളും ഇന്ധനം നിറച്ച് സര്‍വിസിനത്തെുന്നത്. പമ്പില്‍ വൈദ്യുതി നിലച്ചാല്‍ പിന്നെ വരുന്നതുവരെ വീണ്ടും കാത്തുകിടക്കണം. ഈ മാസമാദ്യം ഗതാഗതമന്ത്രി ഡിപ്പോ നവീകരണ പ്രവൃത്തി വിലയിരുത്താനത്തെിയപ്പോള്‍ ജീവനക്കാര്‍ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. മലപ്പുറത്തെ സ്വകാര്യ പമ്പില്‍നിന്ന് ഇന്ധനം നിറക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഡിപ്പോ അധികൃതര്‍ ആവശ്യപ്പെട്ടത്. കാര്യങ്ങള്‍ വിശദമായി തിരുവനന്തപുരത്തെ ചീഫ് ഓഫിസില്‍ അറിയിക്കാനും ഉടന്‍ പരിഹരിച്ചു തരാമെന്നുമായിരുന്നു മന്ത്രി അന്നുപറഞ്ഞത്. എന്നാല്‍, മലപ്പുറത്തുനിന്ന് നിര്‍ദേശങ്ങള്‍ തലസ്ഥാനത്ത് എത്തി ഒരാഴ്ച പിന്നിട്ടിട്ടും അനുകൂല നടപടി ആയിട്ടില്ല. നിലവില്‍ മലപ്പുറം ഡിപ്പോയില്‍നിന്ന് മുഴുവന്‍ സര്‍വിസുകളും നടത്താന്‍ കഴിയുന്നില്ല. 15 ബസുകളുണ്ടെങ്കിലും ആറോ ഏഴോ ബസുകള്‍ മാത്രമാണ് ഓടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.