ജലസ്രോതസ്സുകള്‍ വറ്റുന്നു; കര്‍ഷകര്‍ അങ്കലാപ്പില്‍

മങ്കട: മുണ്ടകന്‍ കൃഷിയുടെ ആളും ആരവവും വയലുകളില്‍ നിറഞ്ഞു നില്‍ക്കേണ്ട സമയത്ത് കത്തി നില്‍ക്കുന്ന ചൂടില്‍ കര്‍ഷകര്‍ വിയര്‍ക്കുന്നു. മഴനനഞ്ഞ ഞാറ്റുപാട്ടുകളാല്‍ സജീവ മാകേണ്ട വയലുകള്‍ മിക്കതും ഇന്ന് മൂകത തളംകെട്ടി നില്‍ക്കുകയാണ്. മഴയില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന തോടും പുഴകളും കേട്ടുകേള്‍വിയായി. മഴ ക്രമാതീതമായി കുറഞ്ഞതോടെ ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങി. മങ്കടയിലേയും പരിസര പഞ്ചായത്തുകളിലേയും ഏക്കര്‍ കണക്കിന് വയലുകള്‍ തരിശായി മാറി. നിറഞ്ഞു കവിഞ്ഞ് വയലുകളിലേക്കൊഴുകിയിരുന്ന തോടുകളില്‍ വെള്ളം കുറഞ്ഞത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. മങ്കട പഞ്ചായത്തിലെ കൃഷിയുടെ വലിയൊരു ഭാഗം ജലസേചനത്തിനായി ആശ്രയിച്ചിരുന്ന നീറ്റിതോട് വെള്ളം കുറഞ്ഞ് വറ്റാറായി. ചേരിയം മലയില്‍ നിന്നുല്‍ഭവിക്കുന്ന ഈ തോട് കൂട്ടപാല, ചേരിയം, വേരുമ്പിലാക്കല്‍, കടന്നമണ്ണ തുടങ്ങിയ പ്രദേശങ്ങളിലെ മുഖ്യ ജലസ്രോതസ്സായിരുന്നു. തിരി മുറിയാതെ പെയ്യേണ്ട തിരുവാതിരയും മതിമറന്നു പെയ്യേണ്ട മകീര്യം ഞാറ്റുവേലയും പിഴച്ചതോടെയാണ് കര്‍ഷകര്‍ ആശങ്കയിലായത്. ഈ അവസ്ഥ തുടര്‍ന്നാല്‍ കുടിവെള്ളത്തിന് പോലും വലിയ പ്രയാസം നേരിടേണ്ടി വരുമെന്ന് പഴമക്കാര്‍ പറയുന്നു. കുടിവെള്ള ലഭ്യതക്കായി മഴ വെള്ളം സംഭരിക്കാന്‍ മുന്‍ കാലങ്ങളില്‍ പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു. വീട്ടുവളപ്പില്‍ കിണറിലേക്ക് വെള്ളമിറങ്ങുന്ന രീതിയില്‍ മഴക്കുഴികള്‍ നിര്‍മിക്കണമെന്നും വീട് നിര്‍മിക്കുമ്പോള്‍ മഴവെള്ള സംഭരണികള്‍ നിര്‍മിക്കണമെന്ന ആവശ്യവും ജനം പാടെ മറന്ന മട്ടാണ്. തൊഴിലുറപ്പുകാരെ ഉപയോഗപ്പെടുത്തി കുളങ്ങളും തോടുകളും മറ്റു ജല സംഭരണികളും സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.