പണം നല്‍കിയില്ല; മലപ്പുറത്തെ സൗജന്യ വൈഫൈ ത്രിശങ്കുവില്‍

മലപ്പുറം: ഒരു വര്‍ഷംമുമ്പ് നഗരസഭയുടെ സ്വപ്നപദ്ധതിയായി കൊണ്ടുവന്ന സൗജന്യ വൈഫൈ വീണ്ടും പ്രതിസന്ധിയില്‍. ഇത് നടപ്പാക്കിയ റെയില്‍ടെല്ലിന് ബാക്കി തുക നല്‍കാനാവാതെ കുഴങ്ങുകയാണ് ഭരണസമിതി. കമ്പനിയുമായി ഒരു കോടി 60 ലക്ഷം രൂപക്ക് കരാര്‍ ഉറപ്പിച്ച് 50 ലക്ഷമാണ് ഇതുവരെ നല്‍കിയത്. ബാക്കി ഒരു കോടി പത്ത് ലക്ഷത്തിന് നഗരസഭ പറഞ്ഞ സമയപരിധി ശനിയാഴ്ച അവസാനിക്കുകയാണ്. ഐ.ടി മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. റെയില്‍ടെല്ലിന് നല്‍കിയ 50 ലക്ഷം രൂപ അനുവദിക്കാമെന്ന് ഐ.ടി മിഷന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല. നഗരസഭയുടെ തനത് ഫണ്ടില്‍നിന്നാണ് ഈ അരക്കോടി എടുത്തത്. ഈ തുകയും ലഭിക്കാതായതോടെ ബാക്കിയുള്ള കോടിയിലധികം രൂപ എവിടെ നിന്ന് നല്‍കുമെന്ന ആശങ്കയിലാണ് ഭരണസമിതി. ഇത്രയും ഭീമമായ സംഖ്യ തനത് ഫണ്ടില്‍ നിന്നെടുത്താല്‍ നഗരസഭയുടെ പ്രവര്‍ത്തനം പാടെ താളംതെറ്റും. പ്രതിസന്ധി മറികടക്കാനായില്ളെങ്കില്‍ പദ്ധതി നിര്‍ത്തലാക്കാന്‍ നഗരസഭയും റെയില്‍ടെല്ലും നിര്‍ബന്ധിതരാവും. പദ്ധതിക്കായി കോട്ടപ്പടി, കുന്നുമ്മല്‍, നഗരസഭ ഓഫിസ് എന്നിവിടങ്ങളില്‍ വൈഫൈ ടവറുകള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒന്നര ചതുരശ്ര കിലോ മീറ്റര്‍ ചുറ്റളവിലാണ് സിഗ്നല്‍ ലഭിക്കുന്നത്. ഇത് വ്യാപിപ്പിക്കണമെന്ന് ജനങ്ങളില്‍നിന്ന് ആവശ്യം ഉയരുന്നതിനിടെയാണ് പാടെ നിര്‍ത്തലാക്കേണ്ട തരത്തിലെ പ്രതിസന്ധി. ബാക്കി തുക ലഭിക്കുന്നതിന് നിരവധിതവണ നഗരസഭ അധികൃതര്‍ക്ക് റെയില്‍ടെല്‍ കത്ത് നല്‍കിയിരുന്നു. കരാര്‍ പ്രകാരമുള്ള തുക ഇനിയും ലഭിച്ചില്ളെങ്കില്‍ ഇവര്‍ നിയമ നടപടികളിലേക്ക് നീങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.