നിലമ്പൂര്‍ നഗരസഭയിലെ ഭൂമി കൈയേറ്റം: ഒഴിപ്പിക്കല്‍ നടപടിക്ക് അകാലചരമം

നിലമ്പൂര്‍: നഗരസഭ പരിധിയിലെ കൈയേറ്റഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികള്‍ തുടക്കത്തില്‍ തന്നെ മൃതിയടഞ്ഞു. നഗരസഭ പരിധിയിലൂടെ കടന്നുപോവുന്ന ചാലിയാറിന്‍െറയും പോഷകനദികളുടെയും തീരങ്ങളിലും നഗരമധ്യത്തിലൂടെയുള്ള വലിയ തോടിലുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിയാണ് എങ്ങുമത്തൊതെ നിലച്ചത് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രണ്ട് മാസം മുമ്പ് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി കൗണ്‍സിലര്‍മാരുടെ അഞ്ചംഗ ഉപസമിതിയും രൂപവത്കരിച്ചിരുന്നു. സമിതിയുടെ ആദ്യയോഗത്തില്‍ ചന്തക്കുന്നിലുള്ള വലിയ തോട് അടക്കമുള്ള എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ മാസ്റ്റര്‍ പ്ളാന്‍ വേണമെന്നും വില്ളേജ് ഓഫിസറും താലൂക്ക് സര്‍വെയറും ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടണമെന്നും തീരുമാനിച്ചു. എന്നാല്‍ കൈയേറ്റമുണ്ടെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ അളന്ന് തിട്ടപ്പെടുത്താതെയും കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കാതെയും കൈയേറ്റം ഒഴിപ്പിക്കാനുള്ള നഗരസഭയുടെ ആദ്യശ്രമം പരാജയപ്പെട്ടു. റവന്യൂ വകുപ്പിന്‍െറയോ ഉദ്യോഗസ്ഥരുടേയോ സഹായമില്ലാതെയാണ് വലിയതോട് ഒഴിപ്പിക്കാന്‍ ശ്രമം നടന്നത്. ഇത് വിവാദമായതോടെ ഒഴിപ്പിക്കല്‍ നടപടി അവസാനിച്ചു. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയെ ചൊല്ലി ഭരണകക്ഷി അംഗങ്ങളില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് ഏറെ ഒച്ചപ്പാടുണ്ടാക്കി. ഉപസമിതിയുടെ ചെയര്‍മാന്‍ തന്നെ കൈയേറ്റക്കാര്‍ക്ക് സഹായകരമായ നിലപാടെടുത്തുവെന്നും അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും നഗരസഭ ചെയര്‍പേഴ്സന്‍ കുറ്റപ്പെടുത്തി. ലീഗ് കൗണ്‍സിലര്‍ക്കെതിരെയായിരുന്നു ചെയര്‍പേഴ്സന്‍െറ ആരോപണം. ലീഗ് അംഗത്തിനത്തെിരായ ആരോപണം ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ്. കൃത്യമായ രേഖകളില്ലാതെ കൈയേറ്റം ഒഴിപ്പിക്കാനുള്ള ചെയര്‍പേഴ്സന്‍െറ ശ്രമം പരാജയപ്പെട്ടതിന്‍െറ ജാള്യത മറച്ചുവെക്കാനാണ് തനിക്കെതിരെയുള്ള ആരോപണമെന്നാണ് ലീഗ് കൗണ്‍സിലറുടെ പ്രതികരണം. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി അട്ടിമറിക്കാന്‍ ഉപസമിതിയിലെ തന്നെ ചില അംഗങ്ങള്‍ ശ്രമിച്ചുവെന്നാണ് ചെയര്‍പേഴ്സന്‍െറ ആരോപണം. ഇതേചൊല്ലിയുള്ള വാഗ്വാദങ്ങളില്‍ കൈയേറ്റം ഒഴിപ്പിക്കുന്ന വിഷയം ചര്‍ച്ചയാവാതെ ശേഷിക്കുകയാണ്. ചാലിയാറും പ്രധാന പോഷകനദികളായ കരിമ്പുഴ, കുതിരപ്പുഴ എന്നിവയും നഗരസഭ പരിധിയില്‍ വ്യാപകമായി കൈയേറ്റക്കാരുടെ പിടിയിലാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കി ഭരണ, പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.